തൊമ്മനും മക്കളും ആദ്യം തീരുമാനിച്ചത് പൃഥ്വിരാജിനെയും ലാലേട്ടനെയും വെച്ച്; നടക്കാത്തതിന് കാരണം: ബെന്നി പി. നായരമ്പലം
Entertainment
തൊമ്മനും മക്കളും ആദ്യം തീരുമാനിച്ചത് പൃഥ്വിരാജിനെയും ലാലേട്ടനെയും വെച്ച്; നടക്കാത്തതിന് കാരണം: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 12:27 pm

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ബെന്നി പി. നായരമ്പലം. 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി.

സാറാസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു തൊമ്മനും മക്കളും. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

തൊമ്മനും മക്കളും ആദ്യം തീരുമാനിച്ചത് പൃഥ്വിരാജ്, ജയസൂര്യ, ലാൽ എന്നിവരെ വെച്ചിട്ടായിരുന്നെന്നും പൃഥ്വിരാജ് വന്ന് കഥ കേട്ടെന്നും ബെന്നി പറയുന്നു. എന്നാൽ ആ സമയത്താണ് പൃഥ്വിരാജിന് മണിരത്നത്തിൻ്റെ സിനിമ വന്നതെന്നും അതുകൊണ്ട് വരാൻ പറ്റാത്ത അവസ്ഥ വന്നെന്നും അദ്ദേഹം പറഞ്ഞു.

കഥ കേട്ടപ്പോൾ തന്നെ മമ്മൂട്ടി സമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊമ്മനും മക്കളും ആദ്യം പൃഥ്വിരാജ്, ജയസൂര്യ, ലാലേട്ടന്‍ ( സിദ്ധിഖ് ലാലിലെ ലാലേട്ടന്‍) അങ്ങനെ ആലോചിച്ച സിനിമയാണ്. ലാല്‍ ക്രിയേഷനാണ് പ്രൊഡക്ഷന്‍. രാജന്‍ പി. ദേവിന്റെ റോളില്‍ ലാലേട്ടന്‍, രണ്ട് മക്കള്‍ പൃഥ്വിരാജും ജയസൂര്യയും ഇങ്ങനെയാണ് ആലോചിച്ചത്. ഈ ട്രാക്ക് തന്നെ, ഈ ട്രാക്കിന്റെ ലവ് ട്രാക്ക് ഡെവലപ് ആയിട്ടുണ്ടായിരുന്നു.

രാജു വന്ന് കഥ കേട്ടു. കഥ കേട്ടപ്പോള്‍ തന്നെ ചിരിച്ച് ചിരിച്ച് തലകുത്തി മറിഞ്ഞിട്ടാണ് പോയത്. ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ടാണ് പോയത്. പക്ഷെ, നമ്മളൊരു ഷൂട്ടിങ് ഡേറ്റ് തീരുമാനിച്ച ആ ഡേറ്റില് രാജുവിന് മണിരത്‌നത്തിന്റെ പടം വന്നു. മണിരത്‌നത്തിന്റെ പടം ഭയങ്കര സംഭവം ആണല്ലോ ആ സമയത്ത്.

മണിരത്‌നത്തിന്റെ പടം വന്നിട്ടുണ്ട് ലാലേട്ടാ എന്ന് പ്രൊഡ്യൂസറിനോട് പറഞ്ഞു. പക്ഷെ ഡേറ്റ് കൃത്യമായി പറഞ്ഞിട്ടില്ല. അങ്ങനെ ആ ഡേറ്റ് ക്ലാഷ് ആയപ്പോള്‍ രാജുവിന് വരാന്‍ പറ്റാത്ത അവസ്ഥ വന്നു. അപ്പോള്‍ ലാലേട്ടനാണ് പറഞ്ഞത് മമ്മൂക്കയെ ആലോചിച്ചാലോ എന്ന്. അതിന്റെ ലവ് ട്രാക്ക് മമ്മൂക്കക്ക് പറ്റിയ രീതിയില്‍ അല്ല കിടക്കുന്നത്. അത് വര്‍ക്കാവില്ല.

മമ്മൂക്കയോട് പറഞ്ഞുനോക്കാമെന്ന് പറഞ്ഞു. മമ്മൂക്കയെ ഞാനും ലാലു കൂടി കാണാന്‍ പോയി. മമ്മൂക്കയെ കണ്ടപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു ‘ഞങ്ങളുടെ അടുത്തൊരു കഥയുണ്ട്. പൃഥ്വിരാജിനെ വെച്ചിട്ട് ചെയ്യാനിരുന്നതാണ്. അതൊന്ന് കേള്‍ക്കാന്‍ പറ്റുമോ’ എന്ന് ചോദിച്ചു.

പിന്നെന്താ എന്ന് ചോദിച്ച് കഥ അദ്ദേഹം കേട്ടു. കഥ കേട്ടപ്പോള്‍ മമ്മൂക്ക ചോദിച്ചു ‘ഈ റോള്‍ പൃഥ്വരാജ് എങ്ങനെ ചെയ്യും. ഞാന്‍ ചെയ്യാം’ എന്ന് പറഞ്ഞു. അങ്ങനെ കമ്മിറ്റഡായി. കഥ കേട്ട ആ നിമിഷം തന്നെ പുള്ളി സമ്മതിച്ചു,’ ബെന്നി പറയുന്നു.

Content Highlight: Thommanum Makkalum Film first decided to consult Prithviraj and Lal Says Benny P Nayarambalam