സതീശന്റെ വിമര്‍ശനം ധാരണയില്ലായ്മ; പാര്‍ട്ടി സമ്മേളനം അംഗീകരിച്ച കാഴ്ചപ്പാടിനനുസരിച്ച ബജറ്റെന്ന് തോമസ് ഐസക്ക്
Kerala News
സതീശന്റെ വിമര്‍ശനം ധാരണയില്ലായ്മ; പാര്‍ട്ടി സമ്മേളനം അംഗീകരിച്ച കാഴ്ചപ്പാടിനനുസരിച്ച ബജറ്റെന്ന് തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th March 2022, 9:30 pm

 

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയകാഴ്ചപ്പാടിനനുസരിച്ച് പ്രതിസന്ധിയെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഉതകുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്ക്.

പ്രളയങ്ങളും കൊവിഡും സംസ്ഥാന സമ്പദ്ഘടനയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ ബജറ്റിനാകുമെന്നും ഐസക്ക് പറഞ്ഞു.

ധാരണയില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റ് എന്നും മറ്റും വിമര്‍ശിച്ചിട്ടുള്ളത്. രാജാവിനേക്കാള്‍ രാജഭക്തിയോടെ നിയോലിബറല്‍ കമ്മി നിയമം നടപ്പാക്കുകയാണല്ലോ അദ്ദേഹത്തിന്റെ നിലപടെന്നും ഐസക്ക് വിമര്‍ശിച്ചു.

സാമ്പത്തിക റിവ്യു റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന ജി.ഡി.പി 2019-20-ല്‍ 2.22 ശതമാനം ആണ് വളര്‍ന്നത്. ദേശീയതലത്തില്‍ നാല് ശതമാനം വര്‍ധനയുണ്ടായി. അതുപോലെ 2020-21-ല്‍ സംസ്ഥാന ജിഡിപി 9.2 ശതമാനം ഇടിഞ്ഞപ്പോള്‍ ദേശീയതലത്തിലെ ഇടിവ് 7.2ശതമാനമേ ആയിരുന്നുള്ളൂ.

2019-20ലെ തിരിച്ചടിക്കു കാരണം തുടര്‍ച്ചയായ രണ്ട് പ്രളയവര്‍ഷങ്ങളാണെങ്കില്‍ കൊവിഡ് മാന്ദ്യം ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം ഗള്‍ഫില്‍ നിന്നുള്ള തിരിച്ചുവരവാണ്. ഈ പശ്ചാത്തലത്തില്‍ ബജറ്റ് സമ്പദ്ഘടനയ്ക്ക് ഉത്തേജകമാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

ബോധപൂര്‍വം തന്നെയാണ് ധനക്കമ്മി 3.91 ശതമാനമായി ഉയര്‍ത്തി നിര്‍ത്തിയിട്ടുള്ളത്. അനുവദനീയമായ വായ്പ പൂര്‍ണമായി എടുക്കുന്നതിനാണ് ധനമന്ത്രി തീരുമാനിച്ചിട്ടുള്ളത്. അതോടൊപ്പം 7000ത്തില്‍പ്പരം കോടി രൂപ കിഫ്ബിയില്‍ നിന്ന് പശ്ചാത്തലസൗകര്യ നിര്‍മാണത്തിനായി അധികമായി ചെലവഴിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതും ദേശീയപാതയുടെ ദ്രുതഗതിയിലുള്ള നവീകരണവും അടുത്ത ധനവര്‍ഷം ബജറ്റിനു പുറത്ത് 40,000 കോടി രൂപയെങ്കിലും ചെലവഴിക്കപ്പെടുമെന്ന് ഉറപ്പുനല്‍കുന്നു. ദേശീയപാത ഭൂമി ഏറ്റെടുക്കലിനു മാത്രം ഈ വര്‍ഷം 10,000 കോടി രൂപയാണ് ചെലവഴിച്ചതെങ്കില്‍ അടുത്ത വര്‍ഷം 15,000 കോടി രൂപയെങ്കിലും ചെലവഴിക്കും.

സാമൂഹ്യ ക്ഷേമവും പോഷകാഹാരത്തിനുമായി ചെലവഴിക്കുന്ന തുകയില്‍ നടപ്പുവര്‍ഷത്തെ അപേക്ഷിച്ച് 32 ശരാശരി വര്‍ധനയുണ്ട്. അതുകൊണ്ട് പശ്ചാത്തലസൗകര്യ വികസനത്തിന് നല്‍കുന്ന ഊന്നല്‍മൂലം ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഒരു കുറവും ഉണ്ടാവില്ലായെന്ന് ബജറ്റ് ഉറപ്പുവരുത്തിയിട്ടുണ്ട്.
ബജറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം വിജ്ഞാനസമ്പദ്ഘടനയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിന് ആക്കംകൂട്ടാനുള്ള പരിശ്രമമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഉയര്‍ന്ന അടങ്കലും, ചക്രവാള വിജ്ഞാന മേഖലകളുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രങ്ങളും നൈപുണി വികസനത്തിനു നല്‍കിയിരിക്കുന്ന ഊന്നലും വിജ്ഞാനവ്യവസായങ്ങള്‍ക്കു നല്‍കിയിരിക്കുന്ന പ്രാധാന്യവും നാളത്തെ വിജ്ഞാന കേരളത്തിന് അടിത്തറയാകും. കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായത്തിനു നല്‍കിയിരിക്കുന്ന ഊന്നലും ശ്രദ്ധേയമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഭൂമിയുടെ ന്യായവിലയില്‍ വരുത്തിയിരിക്കുന്ന വര്‍ധനവ് തികച്ചും ന്യായമാണ്. ഇന്ന് ഭൂമി ഏറ്റെടുക്കുന്നതിനു നല്‍കുന്ന വിലയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മാര്‍ക്കറ്റ് കമ്പോളവിലയുടെ പകുതിയില്‍ താഴെയാണ് ന്യായവില. വസ്തുവിന്റെ വില വര്‍ദ്ധനവുമൂലം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്യാപിറ്റല്‍ ഗെയിന്‍ ഉണ്ടാകുന്ന മേഖലയാണ് ഭൂമി. പശ്ചാത്തലസൗകര്യ നിര്‍മാണം ഈ പ്രവണതയെ ഇനിയും ശക്തിപ്പെടുത്തും. ഈ നേട്ടത്തില്‍ ചെറിയൊരു ഭാഗമെങ്കിലും വിഭവസമാഹരണത്തിനായി ഉപയോഗപ്പെടുത്തണമെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: Thomas Isaac Thomas Isaac Finance Minister K.N. Balagopal’s Beget