ഇതാണ് ശരിയായ സമയമെന്ന് തോന്നി; അഞ്ചു വര്‍ഷത്തെ മൗനം ഭേദിച്ച് പുറത്തു വന്നതിനെ പറ്റി ഭാവന
Film News
ഇതാണ് ശരിയായ സമയമെന്ന് തോന്നി; അഞ്ചു വര്‍ഷത്തെ മൗനം ഭേദിച്ച് പുറത്തു വന്നതിനെ പറ്റി ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th March 2022, 7:59 pm

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഭാവന. നടി എന്നതിലുപരി സ്ത്രീശാക്തീകരണത്തിന്റെയും പോരാട്ടത്തിന്റെയും പ്രതികരൂപമാണ് അവരിന്ന്.

തനിക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിച്ച് പോരാടിയ അവര്‍ അഞ്ച് വര്‍ഷത്തിന് ശേഷവും തന്റെ പോരാട്ടം തുടരുകയാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ തന്റെ അഞ്ച് വര്‍ഷത്തെ യാത്രയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഭാവന പങ്കുവെച്ചിരുന്നു.

അതിനു ശേഷം പ്രശസ്ത ജേണലിസ്റ്റ് ബര്‍ഖ ദത്തിന്റെ മോജോ സ്റ്റോറിയിലൂടെ താന്‍ ഇരയല്ല അതിജീവിതയാണ് എന്ന് ഭാവന തന്നെ നേരിട്ട് വന്ന് ലോകത്തോട് വിളിച്ച് പറഞ്ഞു.

അഞ്ചു വര്‍ഷത്തിന് ശേഷം പുറത്തേക്ക് വന്ന് തന്റെ യാത്രയെ പറ്റി സംസാരിച്ചതെന്തിനെന്ന് പറയുകയാണ് ഭാവന. ന്യൂസ് മിനിട്ടിനായി ധന്യ രാജേന്ദ്രന്‍ നടത്തിയ അഭിമുഖത്തിലാണ് ഭാവന തന്റെ യാത്രയെ പറ്റി പറഞ്ഞത്.

‘ഇന്‍സ്റ്റഗ്രാം പോസ്റ്റ് പ്ലാന്‍ ചെയ്ത ഒന്നായിരുന്നില്ല. 2021 ഡിസംബറില്‍ ഒരാള്‍ (സംവിധായകന്‍ ബാലചന്ദ്രകുമാര്‍)ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.

നിശബ്ദയായി ഇരിക്കരുത് എന്ന് എന്നോട് ആവശ്യപ്പെട്ട നിരവധി പേരുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഭയപ്പെട്ടു, ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് എന്റെ കേസിന് തടസ്സമാകുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഈ മനുഷ്യന്‍ പുറത്തുവന്നപ്പോള്‍ വലിയ ജനപിന്തുണയാണ് എനിക്ക് കിട്ടിയത്. ഒരുപക്ഷേ ഈ കേസ് അവസാനിച്ചെന്നും തന്ത്രപരമായി ഒത്തുതീര്‍പ്പാക്കിയെന്നും പലരും കരുതിയിരിക്കാം.

ഡിസംബര്‍ മുതല്‍ ആളുകളില്‍ നിന്ന് വളരെയധികം പിന്തുണയും സ്‌നേഹവും ലഭിച്ചു. അവരോടൊക്കെ എത്രത്തോളം നന്ദിയുള്ളവളാണെന്ന് പറയേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി. എല്ലാ പിന്തുണയ്ക്കുമുള്ള പ്രതികരണമായിട്ടാണ് ഞാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്,’ ഭാവന പറഞ്ഞു.

‘ബര്‍ഖ ദത്തുമായുള്ള അഭിമുഖവും പ്ലാന്‍ ചെയ്തതല്ല. വനിതാ ദിനത്തില്‍ സംസാരിക്കാന്‍ ബര്‍ഖ ദത്ത് എന്നെ സമീപിക്കുകയായിരുന്നു. എന്നാല്‍ എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. പക്ഷേ എന്റെ യാത്രയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് അവര്‍ എനിക്ക് ഉറപ്പ് തന്നു. ഇതാണ് ശരിയായ സമയമെന്ന് എനിക്ക് തോന്നി.

മിക്ക ആളുകള്‍ക്കും ഞാന്‍ കടന്നുപോകുന്നത് ശരിക്കും മനസിലാക്കാന്‍ കഴിയില്ല. ഞാന്‍ സന്തോഷവതിയായി ഇരിക്കുന്ന അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും മാത്രമാണ് ആളുകള്‍ കാണുന്നത്. പക്ഷേ അതായിരുന്നില്ല എന്റെ ജീവിതം. ഞാന്‍ ഒരുപാട് അനുഭവിച്ചു. ഇത് എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാം.

വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരാളല്ല ഞാന്‍. അതുകൊണ്ടാണ് എനിക്ക് എന്റെ യാത്ര പങ്കിടണമെന്ന് തോന്നിയത്. അത് എളുപ്പമാകില്ലെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എനിക്കത് ചെയ്യണമായിരുന്നു,’ ഭാവന കൂട്ടിച്ചേര്‍ത്തു.


Content Highlight: bhavana about breaking out five years of silence and coming out