'ഇവന്‍ കൊള്ളത്തില്ല. ഇവനെ നമുക്ക് കളയാം' ആ ടൊവിനോ ചിത്രം കണ്ട് മകൻ എന്നോട് പറഞ്ഞു: ഉർവശി
Entertainment
'ഇവന്‍ കൊള്ളത്തില്ല. ഇവനെ നമുക്ക് കളയാം' ആ ടൊവിനോ ചിത്രം കണ്ട് മകൻ എന്നോട് പറഞ്ഞു: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th May 2025, 12:08 pm

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം. ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമകളെപ്പറ്റിയും മക്കളെപ്പറ്റിയും സംസാരിക്കുകയാണ് നടി ഉര്‍വശി.

സിനിമാകാര്യങ്ങള്‍ ഒരിക്കലും ചര്‍ച്ചക്കെടുക്കാത്ത വീടാണ് തങ്ങളുടേത് എന്നും തൻ്റെ പഴയ സിനിമകൾ മക്കൾ കണ്ടിട്ടില്ലെന്നും ഉർവശി പറയുന്നു.

തമാശ സിനിമകള്‍ മാത്രമാണ് മകൻ കാണാറുള്ളതെന്നും എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലെ ഒരു സീൻ കണ്ട് മകൻ കരഞ്ഞെന്നും ഉർവശി പറഞ്ഞു.

അമ്മ ഇവന്‍ കൊള്ളത്തേയില്ല. ഇവനെ നമുക്ക് എടുത്തുകളയാം എന്നാണ് മകൻ പറഞ്ഞതെന്നും ഉർവശി കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയിലോട് സംസാരിക്കുകയായിരുന്നു ഉർവശി.

‘സിനിമാകാര്യങ്ങള്‍ ഒരിക്കലും ചര്‍ച്ചക്കെടുക്കാത്ത വീടാണ് ഞങ്ങളുടെത്. ഞാന്‍ അഭിനയിച്ച പഴയ സിനിമകളൊന്നും എന്റെ മക്കള്‍ കണ്ടിട്ടില്ല. മോള്‍ ഇപ്പോഴാണ് എന്റെ സിനിമകള്‍ കണ്ടുതുടങ്ങിയത് എന്ന് പറയാം. അവള്‍ ക്രൈസ്റ്റില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് കൂട്ടുകാരായ കുട്ടികള്‍ അമ്മയുടെ സിനിമയെപ്പറ്റിയൊക്കെ ചോദിക്കും.

അവര്‍ക്ക് മറുപടി കൊടുക്കാന്‍വേണ്ടി അവളെന്നോട് പുതിയ സിനിമ ഏതാണെന്നും എന്താണെന്നുമൊക്കെ ചോദിക്കും. ‘ഉള്ളൊഴുക്ക്‘ കൂട്ടുകാര്‍ക്കൊപ്പമാണ് കണ്ടത്. വലിയ ഇഷ്ടമായി. അമ്മ ഒന്നും നോക്കാതെ അമ്മവേഷം ചെയ്യരുതെന്ന് മകള്‍ പറയും.

എന്റെ തമാശ സിനിമകള്‍ മാത്രമേ മോന്‍ കാണാറുള്ളൂ. അമ്മ കരയുന്ന സിനിമ ഞാന്‍ കാണില്ല എന്നാണ് അവന്‍ പറയുന്നത്. ടൊവിനോയെ അവന് വലിയ ഇഷ്ടമാണ്. ‘എന്റെ ഉമ്മാന്റെ പേര്’ എന്ന സിനിമ മോന്‍ കണ്ടു. അന്ന് അവന്‍ തീരെ ചെറുതാണ്. അതില്‍ നിങ്ങളെന്റെ ഉമ്മ അല്ല എന്ന് ടൊവിനോ പറയുന്നതും അതുകേട്ട് ഞാന്‍ കരയുന്നതുമായ ഒരു സീന്‍ ഉണ്ട്.

അതുകണ്ടതും മോന്‍ കരച്ചിലായി. ‘അമ്മ ഇവന്‍ കൊള്ളത്തേയില്ല. ഇവനെ നമുക്ക് എടുത്തുകളയാം…’ എന്നി പറഞ്ഞ് സ്‌ക്രീനിലെ ടൊവിനോയെ നോക്കി കരച്ചിലായിരുന്നു. പിന്നെ എന്നെ കെട്ടിപ്പിടിക്കുന്ന സീന്‍ കാണിച്ചു കൊടുത്തപ്പോഴാണ് അവന്‍ കരച്ചില്‍ നിര്‍ത്തിയത്,’ ഉർവശി പറയുന്നു.

Content Highglight: This guy is not good My son said to me after seeing that Tovino Cinema  says Urvashi