'സി.പി.ഐ.എം നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നില്ല; നേതൃത്വത്തെ തിരുത്താനാണ് ഈ പോരാട്ടം'; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
Kerala
'സി.പി.ഐ.എം നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നില്ല; നേതൃത്വത്തെ തിരുത്താനാണ് ഈ പോരാട്ടം'; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
അനിത സി
Wednesday, 4th February 2026, 6:21 pm

കണ്ണൂര്‍: ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ സി.പി.ഐ.എം നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന ആരോപിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനം പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍. ജോസഫ് സി. മാത്യു ഡോ.വി.എസ് അനില്‍ കുമാറിന് പുസ്തകം കൈമാറി പ്രകാശനം നടത്തി.

കേരളത്തില്‍ ഇതിലും മികച്ചൊരു പാര്‍ട്ടിയില്ലെന്നും താന്‍ ഈ പാര്‍ട്ടി നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നയാളല്ലെന്നും അദ്ദേഹം പുസ്തക പ്രകാശനത്തിന് ശേഷം വിശദീകരിച്ചു.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ പാര്‍ട്ടിക്കകത്ത് സംഭവിക്കാന്‍ പാടില്ലാത്ത ഒട്ടേറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അത് തിരുത്തിക്കൊണ്ട് മുന്നോട്ട് പോയാലേ പാര്‍ട്ടിക്ക് ജനവിശ്വാസമുണ്ടാകാനും മുന്നേറാനും സാധിക്കുകയുള്ളൂവെന്നാണ് തന്റെ ബോധ്യം. ആ ബോധ്യത്തിലാണ് തന്റെ പോരാട്ടമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

2026ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഭരണത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും പാര്‍ട്ടിയുടെ നേട്ടങ്ങളും പോരാട്ടങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് കുഞ്ഞികൃഷ്ണന്‍ വിശദീകരിച്ചു.

ഇടതുപക്ഷം വീണ്ടും ഭരണത്തില്‍ വരണം. എന്നാല്‍, ഇന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ നടപടികള്‍ ശരിയല്ല. അക്കാര്യം ജനങ്ങളോട് പറയാനാണ് ശ്രമം. അത് തന്നെ പാര്‍ട്ടി തന്നെയാണ് പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാലത്തെ മുതലാളിത്തം കൂടുതല്‍ ജീര്‍ണിച്ചതാണ്. അത് പാര്‍ട്ടി നേതൃത്വത്തെയും സ്വാധീനിക്കാനും സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി സഖാക്കള്‍ക്ക് തന്നെ ഉത്തരവാദിത്തമുണ്ടെന്നും അതുകൊണ്ടാണ് ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തലവാചകം പുസ്തകത്തിന് നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

പാര്‍ട്ടിക്കുള്ളില്‍ അഞ്ച് വര്‍ഷക്കാലം നടത്തിയ പോരാട്ടങ്ങള്‍ ഫലം കണ്ടില്ലെന്നത് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. മറ്റ് പ്രദേശങ്ങളില്‍ ഇത്തരത്തില്‍ പാര്‍ട്ടിക്കെതിരായി ഉയര്‍ന്നു കേട്ട ആരോപണങ്ങളിലെ സത്യാവസ്ഥകള്‍ അറിയാത്തതുകൊണ്ട് പാര്‍ട്ടിയുടെ വിശദീകരണം വിശ്വസിക്കുകയായിരുന്നു താന്‍. ചില കാര്യങ്ങള്‍ പാര്‍ട്ടിയെ വിശ്വസിച്ച് തനിക്ക് തന്നെ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്.

വിശ്വാസയോഗ്യമല്ലാതിരുന്നിട്ടും പല വിശദീകരണങ്ങളോടും തനിക്ക് പ്രതികരിക്കാനായില്ലെന്നും പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സി.പി.ഐ.എമ്മിനെതിരെ നടത്തിയ പ്രതികരണം പാര്‍ട്ടിക്ക് തിരിച്ചടിയാകില്ലേയെന്ന ആശങ്ക പലരും തന്നോട് പങ്കിട്ടിരുന്നെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പയ്യന്നൂരിലെ സംഘടനാ തലത്തിലെ അസംതൃപ്തി കാരണം പാര്‍ട്ടിവിട്ട കാരാ പ്രദേശത്തെ ബ്രാഞ്ച് സെക്രട്ടറി വൈശാഖ് തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെന്നും അവിടെ സി.പി.ഐ.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും പാര്‍ട്ടിക്ക് സംഭവിക്കുന്ന അപചയത്തിന് ഉദാഹരണമായി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, വന്‍ജനാവലിയെ സാക്ഷിയാക്കിയായിരുന്നു പുസ്തകപ്രകാശന ചടങ്ങ് നടന്നത്. പുസ്തകം വാങ്ങാനായി വലിയ ക്യൂ തന്നെയാണുണ്ടായത്.

Content Highlight: ‘I don’t want to see the CPI(M) destroyed; this fight is to correct the leadership’; V. Kunhikrishnan

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍