കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മുഖ്യമന്ത്രിയുടെ കുടുംബം ഒരു തിരുട്ട് ഫാമിയിലാണെന്നാണ് കെ.എം. ഷാജിയുടെ അധിക്ഷേപം. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തോട് ഉപമിച്ചായിരുന്നു കെ.എം. ഷാജി മുഖ്യമന്ത്രിയുടെ കുടുംബത്തെ അധിക്ഷേപിച്ചത്.
മുഖ്യമന്ത്രിയുടെ മകനും മകളും മകന്റെ ഭാര്യാപിതാവും കള്ളന്മാരെന്നും കെ.എം. ഷാജി ആരോപിച്ചു. മുഖ്യമന്ത്രിയും കൂട്ടരും ശബരിമലയിലെ സ്വര്‍ണം കവര്‍ന്നിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി തനിച്ചല്ല കവര്‍ച്ച നടത്തിയതെന്നും കെ.എം. ഷാജി പറഞ്ഞു.
2023ല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന്‍ വിവേകിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതിന്റെ തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഷാജിയുടെ അധിക്ഷേപ പരാമര്‍ശം.
അതേസമയം ഇ.ഡിയുടെ സമന്‍സിലെ ഉള്ളടക്കത്തില്‍ അവ്യക്തതയുണ്ട്. വിവേക് ഇതുവരെ ഇ.ഡിയ്ക്ക് മുമ്പാകെ ഹാജരായിട്ടില്ലെന്നാണ് വിവരം.
ഫെബ്രുവരി 14ന് കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താന്‍ വിവേകിന് നിര്‍ദേശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രയുടെ കുടുംബത്തെ അധിക്ഷേപിച്ച് കെ.എം. ഷാജി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം യു.ഡി.എഫ് ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാകണമെന്ന്കെ.എം. ഷാജി പറഞ്ഞിരുന്നു. കെ.എം.സി.സി ദുബായ് ഘടകം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷാജിയുടെ പരാമര്‍ശം.
‘ഒന്‍പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ എത്ര കോഴ്സുകള്‍, എത്ര ബാച്ചുകള്‍ മുസ്‌ലിം മാനേജ്മെന്റുകള്‍ക്ക് കിട്ടി? ഭരണം വേണമല്ലോ, പക്ഷേ ഭരിക്കുന്നത് എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടാന്‍ മാത്രമായിരിക്കില്ല. നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം,’ എന്നായിരുന്നു ഷാജിയുടെ പരാമര്‍ശം.
Content Highlight: ‘Thiruttu family’; KM Shaji insults the Chief Minister’s family