സ്നേഹയുടെ നിർദേശപ്രകാരം എന്നെ ആ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതെന്ന് അവർ പറഞ്ഞു: പ്രസന്ന
Entertainment
സ്നേഹയുടെ നിർദേശപ്രകാരം എന്നെ ആ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതെന്ന് അവർ പറഞ്ഞു: പ്രസന്ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 12:14 pm

തമിഴ് സിനിമാപ്രേക്ഷകരുടെ പ്രിയനടനാണ് പ്രസന്ന. തമിഴ് സിനിമയിൽ മാത്രമല്ല തെലുങ്ക് , മലയാളം , കന്നഡ എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ എന്ന സിനിമയില്‍ വില്ലൻ വേഷം അവതരിപ്പിച്ചുകൊണ്ടാണ് മലയാളത്തിലേക്ക് അരങ്ങേറിയത്. പിന്നീട് ദുൽഖർ നായകനായ കൊത്തയിലും അഭിനയിച്ചു. നടി സ്നേഹയാണ് അദ്ദേഹത്തിൻ്റെ പങ്കാളി.

ഇപ്പോൾ തന്റെ പങ്കാളിയെക്കുറിച്ച് പറയുകയാണ് പ്രസന്ന. തൻ്റെ കയ്യിലുള്ള ഇളയരാജ പാട്ടുകളുടെ കളക്ഷൻ ചോദിച്ചിട്ടാണ് സ്നേഹ ആദ്യം തന്നെ വിളിച്ചതെന്നും എന്നാൽ താൻ അത്ര നന്നായിട്ടല്ല അവളോട് സംസാരിച്ചതെന്നും പ്രസന്ന പറയുന്നു.

അതിന് ഒരു കാരണമുണ്ടെന്നും സ്നേഹ നായികയായ ചിത്രത്തിൽ നായകനായി തന്നെ നിശ്ചയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പിന്നീട് തന്നെ ഒഴിവാക്കിയെന്നും സത്യം അറിയാൻ പലവഴിക്കും താൻ അന്വേഷിച്ചെന്നും നടൻ പറഞ്ഞു. സ്നേഹയുടെ നിർദേശപ്രകാരമാണ് മാറ്റിയതെന്നാണ് താൻ അറിഞ്ഞതെന്നും അപ്പോഴാണ് സ്നേഹ തന്നെ വിളിച്ചതെന്നും അദ്ദേഹം പറയുന്നു. അതിൽ തെറ്റുപറയാൻ പറ്റില്ലെന്നും നടൻ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു നടൻ.

‘2008ലാണ് സ്നേഹയുമായി ആദ്യം സംസാരിക്കുന്നത്. ചേച്ചിക്ക് സമ്മാനം കൊടുക്കാനായി എൻ്റെ കയ്യിലുള്ള ഇളയരാജ പാട്ടുകളുടെ കളക്ഷൻ ചോദിച്ചാണ് അവൾ വിളിച്ചത്. ഞാൻ അത്ര നന്നായല്ല സംസാരിച്ചത്. അതിന് ഒരു കാരണവുമുണ്ട്.

സ്നേഹ നായികയായ ചിത്രത്തിൽ നായകനായി എന്നെ നിശ്ചയിച്ചിരുന്നു. പിന്നീട് എന്നെ ഒഴിവാക്കി. സത്യം അറിയാൻ ഞാൻ പലവഴിക്കും അന്വേഷണം നടത്തി. സ്നേഹയുടെ നിർദേശപ്രകാരമാണ് നായകനെ മാറ്റിയത് എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്.

അങ്ങനെയിരിക്കെയാണ് സ്നേഹയുടെ വിളി വന്നത്. ഉള്ളിൽ ദേഷ്യമുള്ളപ്പോൾ സ്വാഭാവികമായി അത് സംസാരത്തിലും വരുമല്ലോ. അപ്പോൾ അങ്ങനെ പെരുമാറിയതിൽ തെറ്റു പറയാൻ കഴിയുമോ,’ പ്രസന്ന പറയുന്നു.

Content Highlight: They said I was removed from the film on Sneha’s instructions says Prasanna