ഞങ്ങൾക്ക് കിട്ടാത്ത ഒരു ആനുകൂല്യവും അവർക്കുമില്ല; അപ്പോഴൊക്കെ ഞാൻ പ്രതികരിച്ചിട്ടുണ്ട്: നിഖില വിമൽ
Entertainment
ഞങ്ങൾക്ക് കിട്ടാത്ത ഒരു ആനുകൂല്യവും അവർക്കുമില്ല; അപ്പോഴൊക്കെ ഞാൻ പ്രതികരിച്ചിട്ടുണ്ട്: നിഖില വിമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 3:59 pm

ജയറാമിൻ്റെ ചിത്രമായ ഭാഗ്യദേവതയിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാടിൻ്റെ ചിത്രമായ ഞാൻ പ്രകാശൻ, ശ്രീബാല കെ. മേനോൻ സംവിധാനം ചെയ്ത ലവ് 24×7 എന്നീ ചിത്രത്തിലൂടെ മലയാളത്തിലെ മുൻനിര താരമായി വളരാൻ നടിക്ക് സാധിച്ചു.

പിന്നെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ നിഖില മലയാളിപ്രേക്ഷകരുടെ ഇഷ്ടനടിയായി മാറി. മലയാളത്തിന് പുറമേ തമിഴിലും, തെലുങ്കിലും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാൻ നിഖിലക്ക് സാധിച്ചിരുന്നു. ഇപ്പോൾ തുല്യതയെക്കുറിച്ച് സംസാരിക്കുകയാണ് നിഖില വിമൽ.

തൻ്റെ മുന്നിൽ ആൺകുട്ടിക്ക് മാത്രം പ്രത്യേക ആനുകൂല്യം കൊടുക്കുന്ന സന്ദർഭങ്ങൾ ഉണ്ടായപ്പോഴൊക്കെ താൻ പ്രതികരിച്ചിട്ടുണ്ടെന്നും വീട്ടിൽ കാര്യങ്ങൾ സംസാരിക്കുമ്പോൾ ‘അവര് ആൺകുട്ടിയല്ലേ’ എന്ന് അമ്മ പറയുമെന്നും നിഖില പറയുന്നു.

എന്നാൽ തങ്ങൾക്ക് കിട്ടാത്ത ആനുകൂല്യം അവർക്കും ഇല്ലെന്നാണ് താൻ പറയുന്നതെന്നും തങ്ങൾ ചെയ്യുന്ന എല്ലാ ജോലിയും അവരും ചെയ്യേണ്ടി വരുമെന്നും നടി കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു നിഖില വിമൽ.

‘എന്റെ മുന്നിൽ ആൺകുട്ടിക്ക് മാത്രം പ്രത്യേകാനുകൂല്യം നൽകുന്ന സന്ദർഭങ്ങൾ ഉണ്ടായപ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് പോലും ചില വിഷയങ്ങൾ സംസാരിക്കുമ്പോൾ ‘അവര് ആൺകുട്ടിയല്ലേ’ എന്ന് അമ്മ പറയും. ‘ഞങ്ങൾക്ക് ലഭിക്കാത്ത ഒരു അനുകൂല്യവും ആൺകുട്ടികൾക്കും ഇല്ല’ എന്ന് ഞാനും ചേച്ചിയും അപ്പോൾ അമ്മയോട് പറയും.

വീട്ടിൽ ഒരു ആൺകുട്ടി വന്നാൽ ഞങ്ങൾ ചെയ്യുന്ന എല്ലാകാര്യവും അവനും ചെയ്യേണ്ടി വരും. ആരെങ്കിലും ഞാൻ ആൺകുട്ടിയാണ് അത് ചെയ്യില്ല എന്ന് പറഞ്ഞാൽ അവനെ കൊണ്ട് എന്ത് തന്നെയായാലും ഞങ്ങൾ ആ പണി ചെയ്യിപ്പിക്കും,’ നിഖില വിമൽ പറയുന്നു.

Content Highlight: They don’t have any benefit that we don’t get; I have always responded says Nikhila Vimal