അടുത്ത വര്‍ഷം മുതല്‍ മിക്സഡ് സ്‌കൂളുകള്‍ മാത്രം: ബാലാകാശ കമ്മീഷന്‍ ഉത്തരവ്
Kerala News
അടുത്ത വര്‍ഷം മുതല്‍ മിക്സഡ് സ്‌കൂളുകള്‍ മാത്രം: ബാലാകാശ കമ്മീഷന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st July 2022, 7:56 pm

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാനുള്ള ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍ (child rights commission).

എല്ലാ സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാക്കി സഹ വിദ്യാഭ്യാസം നടപ്പാക്കണമെന്നും, ഇതിന് മുന്നോടിയായി സ്‌കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്ക് ഇതിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

സംസ്ഥാനത്ത് നിലവില്‍ 280 ഗേള്‍സ് സ്‌കൂളുകളും 164 ബോയ്സ് സ്‌കൂളുകളുമാണ് ഉള്ളത്.

അതേസമയം, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 11 ബോയ്സ് / ഗേള്‍സ് ഹൈസ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളാക്കി മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു.

സ്‌കൂള്‍ അധികൃതരും പി.ടി.എയും തദ്ദേശ ഭരണ സ്ഥാനവും സംയുക്തമായി തീരുമാനമെടുത്ത് ആവശ്യപ്പെട്ടാല്‍ കൂടുതല്‍ സ്‌കൂളുകള്‍ മിക്സഡ് ആക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളില്‍ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചല്‍ സ്വദേശി ഡോ. ഐസക് പോള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ കമ്മീഷന്റെ ഉത്തരവ്.

ഉത്തരവില്‍ നടപടി സ്വീകരിച്ച് 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ എന്നിവര്‍ മറുപടി നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Content Highlights: There will be only mixed schools in Kerala from next academic year