സിനിമ പ്രൊമോഷനുകള്‍ ബോറടിപ്പിക്കാറുണ്ട്, പട്ടിയെ പോലെ പണിയെടുത്തിട്ട് വന്ന് കാണണേ കാണണേയെന്ന് പറയാന്‍ മടിയാണ്: ഫഹദ് ഫാസില്‍
Film News
സിനിമ പ്രൊമോഷനുകള്‍ ബോറടിപ്പിക്കാറുണ്ട്, പട്ടിയെ പോലെ പണിയെടുത്തിട്ട് വന്ന് കാണണേ കാണണേയെന്ന് പറയാന്‍ മടിയാണ്: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st July 2022, 5:13 pm

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രം മലയന്‍കുഞ്ഞ് റിലീസിനൊരുങ്ങുകയാണ്. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും, മേക്കിങ് വീഡിയോകളും ചുരുങ്ങിയ നേരം കൊണ്ട് തന്നെ വലിയ തോതില്‍ ട്രെന്‍ഡിങ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു. മലയന്‍കുഞ്ഞിനായുള്ള പ്രൊമോഷന്റെ തിരക്കിലാണ് ഫഹദ് ഫാസില്‍.

എന്നാല്‍ പ്രൊമോഷന്‍ പരിപാടികള്‍ തന്നെ ബോറടിപ്പിക്കാറുണ്ടെന്ന് പറയുകയാണ് ഫഹദ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ ബോറടിപ്പിക്കാറുണ്ട്. പട്ടിയെ പോലെയാണ് പണിയെടുക്കുന്നത്. അതുകഴിഞ്ഞ് വന്ന് കാണണേ കാണണേ എന്ന് പറയുന്നത് മടിയുള്ള കാര്യമാണ്. ഞാന്‍ ചെയ്യുന്ന ജോലി എന്റെ ബുദ്ധിയും കഴിവും വെച്ച് ഭംഗിയായി ചെയ്യുന്നുണ്ട്.

ഐഡിയലി എന്റെ ജോലി അതുകൊണ്ട് തീരണമെന്നാണ് വിചാരിക്കുന്നത്. ആ സിനിമ ഷൂട്ട് ചെയ്തുതീരുമ്പോള്‍ അല്ലെങ്കില്‍ ആ സിനിമ റെഡി ആകുമ്പോള്‍ എന്റെ ജോലി തീര്‍ന്ന് ആ സിനിമ എന്‍ജോയ് ചെയ്യാന്‍ പറ്റണമെന്നാണ്. അത് പറ്റാറില്ല,’ ഫഹദ് പറഞ്ഞു.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ നിര്‍മിക്കുന്ന അദ്യചിത്രമെന്ന പ്രത്യേകത മലയന്‍കുഞ്ഞിനുണ്ട്. ജൂലൈ 22-ന് ചിത്രം തിയേറ്ററുകളിലെത്തിക്കും.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. മുപ്പത് വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Fahadh faasil says that promotional events of movies are boring for him