ലാലിന്റെ കരിയറില്‍ ഇടര്‍ച്ചകള്‍ ഉണ്ടായി; വിമര്‍ശനങ്ങളും പഴികളും കേട്ടു: സിബി മലയില്‍
Malayalam Cinema
ലാലിന്റെ കരിയറില്‍ ഇടര്‍ച്ചകള്‍ ഉണ്ടായി; വിമര്‍ശനങ്ങളും പഴികളും കേട്ടു: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th October 2025, 10:55 pm

മലയാളത്തിലെ പ്രമുഖ സംവിധായകരിലൊരാളാണ് സിബി മലയില്‍. കിരീടം, ദേവദൂതന്‍, ചെങ്കോല്‍, കമലദളം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിങ്ങനെ മോഹന്‍ലാലും ഒന്നിച്ച് ഒരുപിടി നല്ല സിനിമകള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിന്റെ ജീവിതത്തിലെ ഉയര്‍ച്ച, താഴ്ചകളെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍.

സദയം എന്ന ചിത്രം മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു. അത് അംഗീകരിക്കപ്പെടാതെ പോയപ്പോള്‍ വിഷമം തോന്നി. ദശരഥവും പരിഗണിക്കപ്പെടാതെപോയി. 1989 മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ പിറന്ന വര്‍ഷമായിരുന്നു. എന്നിട്ടും ആ അഭിനയമികവ് എവിടെയും അംഗീകരിക്കപ്പെടാതെ പോയി. തൊട്ടടുത്തവര്‍ഷം ഭരതത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലാല്‍ സ്വന്തമാക്കി,’ സിബി മലയില്‍.

അതുവരെയുണ്ടായ തിരസ്‌കാരങ്ങളില്‍ ആകുലപ്പെടുന്ന മോഹന്‍ലാലിനെയോ കൈവന്ന നേട്ടത്തില്‍ അതിരറ്റ് സന്തോഷിക്കുന്ന മോഹന്‍ലാലിനെയോ തനിക്ക് പരിചയമില്ലെന്നും അയാളുടെ കരിയറിലും ഇടര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും സിബി മലയില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ കരിയറിലും ഇടര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. വിമര്‍ശനങ്ങളും പഴികളും അദ്ദേഹത്തിനും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, എത്ര ശക്തമായാണ് ഓരോ തവണയും അയാള്‍ തിരിച്ചുവന്നിട്ടുള്ളത്. ഓരോ തിരിച്ചിറക്കങ്ങളും അടുത്ത കയറ്റത്തിനുള്ള ഈര്‍ജമാണെന്ന് മോഹന്‍ലാലിന് അറിയാമെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

തോല്‍വിയെയും വിജയത്തെയും ഒരേ തുലാസില്‍ വെച്ച് ഒരുപോലെ അളക്കാന്‍ മോഹന്‍ലാലിന് അറിയാമെന്നും റിലീസ് ദിവസങ്ങളില്‍ അറിഞ്ഞ വിജയങ്ങളും പരാജയങ്ങളുമുണ്ടെന്നും രണ്ടിനെയും മോഹന്‍ലാല്‍ സമീപിക്കുന്നത് ഒരേവിധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ദുഖമോ നിരാശയോ ഇല്ലെന്നും അദ്ദേഹം ഏത് സാഹചര്യത്തെയും ഒരുപോലെ നേരിടുന്നുവെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: There were setbacks in Lal’s career; Heard criticism and blame says Sibi Malayil