വലിയ പ്രതീക്ഷയെന്ന് പറയാനൊന്നുമില്ല, ദൃശ്യം ഒരു സാധാരണ സിനിമയാണ്: ആശ ശരത്
Malayalam Cinema
വലിയ പ്രതീക്ഷയെന്ന് പറയാനൊന്നുമില്ല, ദൃശ്യം ഒരു സാധാരണ സിനിമയാണ്: ആശ ശരത്
നന്ദന എം.സി
Monday, 18th May 2026, 1:58 pm

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദൃശ്യം 3. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്‌കുട്ടി വീണ്ടും എത്തുമ്പോൾ കഥ ഏത് വഴിയിലേക്കാണ് പോകുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും നടി ആശ ശരത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ദൃശ്യം പരമ്പരയിൽ ഗീത പ്രഭാകർ ഐ.പി.എസ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ആശ ശരത്, ദൃശ്യം 3 ഒരു വലിയ ഹൈപ്പ് സിനിമയല്ലെന്നും എന്നാൽ പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ വ്യത്യസ്ത അനുഭവമാകുമെന്നും പറഞ്ഞു.

ദൃശ്യം 3, Photo: Mohanlal/ Facebook

‘ഇതൊരു സാധാരണ സിനിമയാണ്. വലിയ പ്രതീക്ഷയെന്ന് പറയാനൊന്നുമില്ല. ദൃശ്യം ഒന്നിൽനിന്ന് വ്യത്യസ്തമായിരുന്നു രണ്ടാംഭാഗം. അതിൽനിന്നും വേറിട്ടൊരു അനുഭവമായിരിക്കും ദൃശ്യം 3,’ എന്നാണ് ആശ ശരത്തിന്റെ വാക്കുകൾ.

വർഷങ്ങൾക്ക് ശേഷം പഴയ വീട്ടിലേക്ക് തിരിച്ചെത്തുന്ന അനുഭവം പോലെയായിരുന്നു ദൃശ്യം 3യുടെ സെറ്റിലേക്ക് വീണ്ടും എത്തിയത് എന്നും താരം പറഞ്ഞു. ദൃശ്യം സിനിമയുടെ വിവിധ ഭാഷാ പതിപ്പുകളിൽ ഒരേ കഥാപാത്രത്തെ വീണ്ടും വീണ്ടും അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ആശ ശരത് വ്യക്തമാക്കി.

തമിഴ്, കന്നഡ ഉൾപ്പെടെ പല ഭാഷകളിലായി ഗീത പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്റെ അഭിനയജീവിതത്തിലെ പ്രത്യേക അനുഭവമാണെന്ന് താരം പറഞ്ഞു.

അൻസിബ ഹസനും എസ്തർ അനിലും വീണ്ടും വീണ്ടും ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ആശ ശരത് പങ്കുവച്ചു. ‘കുട്ടികളെയെല്ലാം വീണ്ടും കണ്ടപ്പോൾ സന്തോഷമായി. അവർ വളർന്നതുപോലെ കഥാപാത്രങ്ങളും വളർന്നു,’ എന്നാണ് താരം പറഞ്ഞത്.

ആശ ശരത്, ജീത്തു ജോസഫ്, Photo: IMDb

ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഗീത ഐ.പി.എസ്. എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഇന്നും നിലനിൽക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ദൃശ്യത്തിലേതാണെന്നും ആശ ശരത് തുറന്നുപറഞ്ഞു. അതേസമയം ‘അനുരാഗ കരിക്കിൻവെള്ള’ത്തിലെ സുമ, പാപ്പനിലെ ഡോക്ടർ ഷെർലി, ‘ആശകൾ ആയിര’ത്തിലെ ആശ എന്നീ കഥാപാത്രങ്ങളും ഹൃദയത്തോട് ചേർന്നുനിൽക്കുന്നവയാണെന്നും താരം പറഞ്ഞു.

‘ഖെദ്ദ’ സിനിമയിലെ കഥാപാത്രവും ഏറെ ഇഷ്ടപ്പെട്ടതാണെന്നും, ആ ചിത്രത്തിൽ മകൾ ഉത്തരയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് പ്രത്യേക അനുഭവമായിരുന്നുവെന്നും ആശ ശരത് വ്യക്തമാക്കി.

ദൃശ്യം 3യെക്കുറിച്ചുള്ള ഓരോ ചെറിയ അപ്‌ഡേറ്റുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സാഹചര്യത്തിൽ ആശ ശരത്തിന്റെ പ്രതികരണവും ആരാധകർ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്.

Content Highlight: There’s nothing to say about high expectations, Drishyam is an ordinary film: Asha Sarath

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.