കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക വധിക്കാന്‍ ശ്രമിച്ചേക്കാമെന്ന് പൊളിറ്റിക്കോ. യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്.
അവസാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘എന്തെങ്കിലും ചെയ്യാന്‍ സാധ്യതയുണ്ടോ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് യു.എസ് ഉദ്യോഗസ്ഥന്‍ മൗനം പാലിക്കുകയായിരുന്നു. ഞായറാഴ്ച പൊളിറ്റിക്കോ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ശ്രമം നടത്തുന്നുണ്ട്. വെനസ്വേലയില്‍ ഭരണമാറ്റമുണ്ടായാല്‍ അതിന്റെ ഓളം ക്യൂബയിലും പ്രതിഫലിക്കുമെന്നാണ് റൂബിയോയുടെ വിലയിരുത്തലെന്നാണ് യു.എസ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്ക വെനസ്വേല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കിയിട്ടുണ്ടെന്നും രണ്ട് ഡസനിലധികം ആളുകളെ കൊന്നൊടുക്കിയിട്ടുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മഡുറോയ്ക്ക് മയക്കുമരുന്ന് ശൃംഖലകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യു.എസിന്റെ നീക്കങ്ങള്‍.
മഡുറോ മയക്കുമരുന്ന് രാജാവും തീവ്രവാദിയുമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് യു.എസ് വെനസ്വേലയില്‍ സൈനിക വിന്യാസം ഉള്‍പ്പെടെ ലക്ഷ്യമിടുന്നത്. വെനസ്വേലയില്‍ അധികാരമാറ്റം ഉണ്ടാകണമെന്ന് എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നതായും യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ അമേരിക്ക കൂടുതല്‍ സമ്മര്‍ദം ചെലുത്തും. മഡുറോ ഒരു ദുര്‍ബലനായതുകൊണ്ട് യു.എസിന്റെ സമ്മര്‍ദത്തില്‍ അദ്ദേഹം വീഴാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. മഡുറോയെ നേരിട്ട് ലക്ഷ്യം വെക്കാന്‍ ട്രംപ് ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല.
എന്നാല്‍ വെനസ്വേലയിലെ മയക്കുമരുന്ന് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള യു.എസ് നീക്കങ്ങള്‍ ഒരു തരത്തിലുള്ള സമ്മര്‍ദമാണെന്നും യു.എസ് ഉദ്യോഗസ്ഥന്‍ പൊളിറ്റിക്കോയോട് പറഞ്ഞു.
അതേസമയം മഡുറോയെ താന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ട്രംപ് ഉറക്കെ പറഞ്ഞാല്‍, യു.എസ് പ്രസിഡന്റിനെ ലോകം ഒരു ദുര്‍ബലനായി കാണുമെന്നും പൊളിറ്റിക്കോ പറയുന്നു.
എന്നിരുന്നാലും വെനസ്വേലയില്‍ നിന്ന് മയക്കുമരുന്ന് കടുത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന കപ്പലുകള്‍ക്ക് നേരെയുള്ള വ്യോമാക്രമണങ്ങള്‍ക്ക് ട്രംപ് പച്ചക്കൊടി കാണിക്കുന്നതായും യു.എസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
രാജ്യത്തെ എണ്ണ കാര്‍ട്ടലുകള്‍ക്കെതിരായ നീക്കങ്ങളില്‍ ട്രംപ് വെനസ്വേലന്‍ പ്രതിപക്ഷത്തിന്റെ സഹായം തേടുന്നുണ്ടോ എന്നതില്‍ പ്രതികരിക്കാന്‍ നൊബേല്‍ ജേതാവും വെനസ്വേലന്‍ പ്രതിപക്ഷ നേതാവുമായ മരിയ മച്ചാഡോയുടെ പ്രതിനിധി ഡേവിഡ് സ്‌മോലാന്‍സ്‌കി വിസമ്മതിച്ചതായും പൊളിറ്റിക്കോ ചൂണ്ടിക്കാട്ടി.
Content Highlight: There may be an attempt to assassinate Maduro; Trump to increase pressure in the coming days: Politico