പി.എം.ശ്രീയില്‍ കാവിവത്കരണമില്ല; എപ്പോഴും നെഗറ്റീവ് പറഞ്ഞാല്‍ മതിയോ? വീണ്ടും കേന്ദ്രത്തെ പിന്തുണച്ച് തരൂര്‍
Kerala
പി.എം.ശ്രീയില്‍ കാവിവത്കരണമില്ല; എപ്പോഴും നെഗറ്റീവ് പറഞ്ഞാല്‍ മതിയോ? വീണ്ടും കേന്ദ്രത്തെ പിന്തുണച്ച് തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th November 2025, 6:52 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനും പി.എം.ശ്രീക്കുമുള്ള പിന്തുണ ആവര്‍ത്തിച്ച് ശശി തരൂര്‍ എം.പി. പി.എം.ശ്രീയില്‍ കാവി വത്കരണമില്ലെന്നും കേരളത്തിലെ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ ഫണ്ട് വേണ്ടേയെന്നും തരൂര്‍ പ്രതികരിച്ചു.

സ്‌കൂളുകള്‍ക്ക് ഫണ്ട് വേണ്ടേ? എപ്പോഴും നെഗറ്റീവ് പറഞ്ഞാല്‍ മതിയോ? പണം വാങ്ങിയാലും സംസ്ഥാന സിലബസ് തന്നെ സ്‌കൂളുകളില്‍ നടപ്പാക്കാമല്ലോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണം കാണുന്നില്ലെന്നും തരൂര്‍ വിശദീകരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാജിവെയ്ക്കാത്തതിനെ കുറിച്ചും തരൂര്‍ പ്രതികരിച്ചു. ആരോപണം ഉയരുമ്പോള്‍ ചിലര്‍ രാജി വെയ്ക്കും. ചിലര്‍ രാജി വെയ്ക്കാതെ തുടരും. അത് ഓരോരുത്തരുടെ മനസാക്ഷിയുടെ വിഷയമാണെന്ന് തരൂര്‍ നിസാരവത്കരിച്ചു.

ശശി തരൂര്‍ എം.പി.

അതേസമയം, കോണ്‍ഗ്രസിന്റെ പി.എം.ശ്രീക്ക് എതിരായ പ്രഖ്യാപിത നിലപാടിനെ ചോദ്യം ചെയ്ത് തരൂര്‍ വീണ്ടും രംഗത്തെത്തിയത് രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയാവുകയാണ്. കേരളത്തില്‍ സര്‍ക്കാര്‍ പി.എം.ശ്രീയില്‍ ഒപ്പുവെച്ചതിനെതിരെ കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പുന്നയിക്കുന്നതിനിടെ തരൂര്‍ പിന്തുണ ആവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും തലവേദയാണ്.

കഴിഞ്ഞാഴ്ച ദുബായില്‍ നടന്ന ഒരു സംവാദത്തിനിടയില്‍ കേന്ദ്രത്തിന്റെ ഫണ്ട് വേണ്ടയെന്ന് വെയ്ക്കുന്നത് വിഡ്ഢിത്തമാണെന്ന് പ്രതികരിച്ചിരുന്നു.

എല്ലാ വിഷയത്തിലും രാഷ്ട്രീയം കാണുന്നതാണ് കേരളത്തിന്റെ പ്രശ്‌നമെന്നും പി.എം.ശ്രീ പോലുള്ള പദ്ധതികള്‍ ഒപ്പുവെയ്ക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു തരൂരിന്റെ വാക്കുകള്‍. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന് വെള്ളം ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. സ്‌കൂളുകളിലേക്ക് ബെഞ്ചും ഡെസ്‌ക്കും വാങ്ങാനോ അടിസ്ഥാന സൗകര്യമൊരുക്കാനോ പോലും പണമില്ല.

എന്നിട്ടും ആശയങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും പറഞ്ഞ് കേന്ദ്രത്തിന്റെ പണം നിരസിക്കുകയാണ്. ഇത് ഭ്രാന്ത് തന്നെയാണ്. ശരിക്കും ആ പണം നികുതി നല്‍കുന്ന ജനങ്ങളുടേതാണെന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.

കേരളത്തിന്റെ പ്രശ്നം അമിതമായ രാഷ്ട്രീയവത്കരണമാണ്. സകല മേഖലയിലും രാഷ്ട്രീയമാണ്. നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും നിക്ഷേപകരുടെ അവകാശം സംരക്ഷിക്കാനും ഹര്‍ത്താലുകള്‍ തടയാനും നിയമങ്ങളുണ്ടാകണമെന്നും തരൂര്‍ പറഞ്ഞിരുന്നു.

Content Highlight: There is no saffronization in PM Shri; Is it enough to always say negative? Tharoor again supports the Center Govt