ന്യൂദല്‍ഹി: പാകിസ്ഥാനില്‍ തീവ്രവാദികള്‍ക്ക് സുരക്ഷിതമായ ഒരിടം പോലും അവശേഷിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഡ്രോണുകളും മിസൈലുകളും പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് (ചൊവ്വാഴ്ച) പഞ്ചാബിലെ ആദംപൂര്‍ വ്യോമത്താവളത്തില്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന്റെ ആക്രമണങ്ങളില്‍ ഇന്ത്യയുടെ വ്യോമത്താവളങ്ങള്‍ക്കും പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യോമസേനാ ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
Interacted with the air warriors and soldiers at AFS Adampur. Their courage and professionalism in protecting our nation are commendable. https://t.co/hFjkVIUl8o
ഓപ്പറേഷന്‍ സിന്ദൂറില്‍ മനുഷ്യശക്തിയും യന്ത്രശക്തിയും തമ്മില്‍ ഏകോപിപ്പിച്ച് ഇന്ത്യന്‍ സേന മികവാര്‍ന്ന പ്രകടനം നടത്തിയെന്നും ‘സാങ്കേതികവിദ്യയെ തന്ത്രങ്ങളുമായി’ ബന്ധിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്‍ വീണ്ടും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഇന്ത്യ ഉചിതമായ രീതിയില്‍ പ്രതികരിക്കുമെന്നും നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കി.
ഇന്നലെ (തിങ്കള്‍) ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. പ്രസ്തുത പ്രസംഗത്തിലും പാകിസ്ഥാനെതിരായ സൈനിക നടപടി താത്കാലികമായാണ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നും ഭാവിയില്‍ പാകിസ്ഥാന്‍ എങ്ങനെ പെരുമാറും എന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെന്നും മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനുപിന്നാലെയാണ് അദ്ദേഹം വ്യോമസേനാ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയത്. ആണവഭീഷണി ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും ഭീകരതയെയും അതിന്റെ സ്‌പോണ്‍സര്‍മാരെയും വേര്‍തിരിച്ച് കാണുകയില്ലെന്നും പ്രധാനമന്ത്രി ആദംപൂരില്‍ പറഞ്ഞു. ഇനിയൊരു ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും മോദി പറഞ്ഞു.
‘ഭീകരരെ അവരുടെ വീടുകളില്‍ ചെന്ന് ഇന്ത്യ കൊല്ലും. അതിജീവിക്കാനുള്ള ഒരവസരവും ഇന്ത്യ ഭീകരര്‍ക്ക് നല്‍കില്ല. ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യ നീങ്ങിയപ്പോള്‍ ശത്രു ഭയപ്പെടുകയും അത്ഭുതപ്പെടുകയും ചെയ്തു,’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ ‘ഭാരത് മാതാ കീ ജയ്’ എന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും ഇന്ത്യന്‍ സൈന്യം രാജ്യത്തിനായി ജീവന്‍ സമര്‍പ്പിക്കാന്‍ പ്രതിജ്ഞയെടുത്തവരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇതിനിടെ മോദിയുടെ ആദംപൂര്‍ സന്ദര്‍ശനത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഇന്നലെ നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
പാകിസ്ഥാന്റെ ആക്രമണത്തിന്റെ കൊല്ലപ്പെട്ടവരേയും വെടിനിര്‍ത്തല്‍ തീരുമാനം രാജ്യത്തെ അറിയിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണവും പരാമര്‍ശിക്കാന്‍ പ്രധാനമന്ത്രി പ്രസംഗത്തില്‍ സമയം കണ്ടെത്തിയില്ലെന്നായിരുന്നു വിമര്‍ശനം. സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബിയാണ് വിമര്‍ശനം ഉന്നയിച്ചത്.
കൂടാതെ സി.പി.ഐ.എം, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പഹല്‍ഗാമിലെ ആക്രമണം, വെടിനിര്‍ത്തലിലെ അമേരിക്കയുടെ ഇടപെടല്‍ അടക്കമുള്ള വിഷയങ്ങളില്‍ വിശദീകരണം തേടുന്നതിനായാണ് പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlight: There is no safe haven left for terrorists in Pakistan, says PM Narendra Modi