ഇന്ത്യൻ സിനിമയിൽ ഇത്രയധികം വെറൈറ്റി റോളുകൾ ചെയ്ത മറ്റൊരു നടൻ വേറെയില്ല: കലൂർ ഡെന്നീസ്
Malayalam Cinema
ഇന്ത്യൻ സിനിമയിൽ ഇത്രയധികം വെറൈറ്റി റോളുകൾ ചെയ്ത മറ്റൊരു നടൻ വേറെയില്ല: കലൂർ ഡെന്നീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th August 2025, 8:08 pm

മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തും നോവലിസ്റ്റുമാണ് കലൂർ ഡെന്നീസ്. തിരക്കഥ, കഥ, സംഭാഷണം എന്നീ മേഖലകളിൽ പ്രവർത്തിച്ച കലൂർ ഡെന്നീസ് നൂറിലധികം മലയാള സിനിമകളിൽ ഭാഗമായിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ഇന്ത്യൻ സിനിമയിൽ ഇത്രയധികം വെറൈറ്റി റോളുകൾ ചെയ്തിട്ടുള്ള മറ്റൊരു നടൻ വേറെയില്ലെന്ന് അദ്ദേഹം പറയുന്നു.

‘മലയാള സിനിമാ പാരമ്പര്യത്തിന്റെ വഴികൾ വിട്ട് പുതിയ പ്രവണതകൾ അന്വേഷിക്കാൻ തുടങ്ങിയ 1980ന്റെ തുടക്കത്തിലാണ് മമ്മൂട്ടി, മോഹൻലാൻ എന്ന രണ്ട് യുവനക്ഷത്രങ്ങൾ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്നത്.

ഇന്ത്യൻ സിനിമയിൽ ഇത്രയധികം വെറൈറ്റി റോളുകൾ ചെയ്തിട്ടുള്ള മറ്റൊരു നടൻ വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇനി മമ്മൂട്ടി ചെയ്യാത്ത എന്ത് വേഷമാണുള്ളത്. ഞാൻ ഇരുന്ന് ആലോചിച്ചപ്പോൾ എന്റെ മനസിലേക്ക് കടന്നുവന്നത് മഹാഭാരതത്തിലെ കർണനെയാണ്.

കുരുക്ഷേത്ര യുദ്ധഭൂമിയിൽ നടന്ന ചതിയും പകപോക്കലും ക്രൂരതയും അപമാനവും അനുഭവിച്ച കുന്തീപുത്രനായ രാധേയന്റെ വീരോജ്വലമായ എന്നീ കഥാപാത്രത്തെ മമ്മൂട്ടിയെന്ന നടനവൈഭവത്തിനല്ലാതെ മറ്റാർക്കും അഭിനയിച്ച് ഫലിപ്പിക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല,’ കലൂർ ഡെന്നീസ് പറയുന്നു.

നീണ്ട 45 വർഷക്കാലത്തെ അടുപ്പമാണ് താനും മമ്മൂട്ടിയും തമ്മിലുള്ളതെന്നും ആ രാത്രി എന്ന സിനിമക്ക് ശേഷമാണ് മമ്മൂട്ടി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സങ്കൽപ്പത്തിലെ ഭർത്താവിന്റെ നേർസ്വരൂപമായിട്ടായിട്ടാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ അന്നത്തെ സമൂഹം കണ്ടിരുന്നതെന്നും കലൂർ ഡെന്നീസ് പറഞ്ഞു.

ആ രാത്രി എന്ന സിനിമക്ക് ശേഷം തങ്ങൾ അടുത്ത പടം ചെയ്തുവെന്നും സന്ദർഭം എന്ന സിനിമ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ തിയേറ്ററിൽ 150ലധികം ദിവസം നിറഞ്ഞോടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ മമ്മൂട്ടി- കലൂർ ഡെന്നീസ് എന്ന ടീം തന്നെയുണ്ടായെന്നും കലൂർ ഡെന്നീസ് കൂട്ടിച്ചേർത്തു. സമകാലിക മലയാളം വാരികക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: There is no other actor in Indian cinema who has played so many varied roles says Kaloor Dennis