നിലമ്പൂരിലേത് ഭരണവിരുദ്ധ വികാരം, പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല: രമേശ് ചെന്നിത്തല
Kerala News
നിലമ്പൂരിലേത് ഭരണവിരുദ്ധ വികാരം, പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd June 2025, 11:45 am

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലീഡ് നിലനില്‍ക്കെ പിണറായി വിജയന്‍ രാജിവെച്ച് ഒഴിയണമെന്ന് രമേശ് ചെന്നിത്തല. ഭരണവിരുദ്ധ വികാരമാണിതെന്നും പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലാതിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ സീറ്റ് നിലനിര്‍ത്തുകയാണ് ചെയ്തതെങ്കില്‍ നിലമ്പൂരിലെ സീറ്റ് തിരിച്ച് പിടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് തവണയും എല്‍.ഡി.എഫ് വിജയിച്ചിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സീറ്റ് തിരിച്ച് പിടിച്ചിരിക്കുകയാണെന്നും ശക്തമായ ഭരണവിരുദ്ധ വികാരം തുടക്കം മുതല്‍ തന്നെ ബോധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണി ഗവര്‍ണമെന്റിനെതിരായ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് നിലമ്പൂരില്‍ കാണാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരില്‍ യു.ഡി.എഫിന് ഉജ്ജ്വലമായ വിജയം നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇടത് മുന്നണി ഗവര്‍ണ്‍മെന്റ് കേവലമൊരു കാവല്‍ സര്‍ക്കാരായി മാറിയെന്നും ജനങ്ങള്‍ സര്‍ക്കാരിനെ പരിപൂര്‍ണമായി തിരസ്‌കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026 തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സെമി ഫൈനലായിരുന്നു ഇതെന്നും ഫൈനലില്‍ കുതിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഈ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണെന്നും ബി.ജെ.പി കേരള രാഷ്ട്രീയത്തില്‍ ഒരു സ്ഥാനവും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിന്റെ വോട്ടും ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടാണെന്നും ഗവണ്‍മെന്റ് അണ്‍പോപ്പുലറാണെന്ന് കാണിക്കുന്ന വോട്ടാണിതെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ പ്രവേശനം യു.ഡി.എഫ് ചേര്‍ന്ന് തീരുമാനിക്കുമെന്നും ഗവണ്‍മെന്റിന് എതിരായ ആളുകളെ കൂടെ നിര്‍ത്തുമെന്നതാണ് തങ്ങളുടെ നയമെന്നും ചെന്നിത്തല പറഞ്ഞു.

അന്‍വറിനെ കൊണ്ടുവരാന്‍ താനും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നും അന്‍വര്‍ ഉണ്ടായിരുന്നെങ്കില്‍ 25000 വോട്ടിന്റെ ലീഡുണ്ടായവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: There is anti-government sentiment in Nilambur, Pinarayi Vijayan has no moral right to continue in power: Ramesh Chennithala