മികച്ച പ്രതികരണം കിട്ടി ഹൃദയപൂർവ്വം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സത്യൻ അന്തിക്കാടും മോഹൻലാലും പത്ത് വർഷത്തിന് ശേഷം ഒന്നിച്ച ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടിന്റെ മകനും ചിത്രത്തിന്റെ സഹസംവിധായകനും കൂടിയായ അനൂപ് അത്യയധികം സന്തോഷത്തിലാണ്. ഇപ്പോൾ ഹൃദയപൂർവ്വത്തെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും സംസാരിക്കുകയാണ് അനൂപ് സത്യൻ.
‘ഇതുവരെ എക്‌സ്പീരിയൻസ് ചെയ്യാത്ത പുതിയൊരു മോഹൻലാൽ സംഭവം ഹൃദയപൂർവ്വത്തിലുണ്ട്. ഈ സിനിമയിൽ അദ്ദേഹം ഡബ്ബ് ചെയ്തിട്ടില്ല. തിയേറ്ററിൽ കേൾക്കുന്നത് അഭിനയിക്കുമ്പോൾ പകർത്തിയെടുത്ത് മോഹൻലാലിന്റെ ശബ്ദമാണ്.
മുപ്പതുവർഷങ്ങൾക്ക് മുമ്പ് വാസ്തുഹാര എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ ലൈവ് സൗണ്ട് റെക്കോഡിങ്ങിൽ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. സംസ്ഥാന അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണനാണ് സിങ്ക് സൗണ്ട് കൈകാര്യം ചെയ്തിരിക്കുന്നത്,’ അനൂപ് സത്യൻ പറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശനും, അഖിലിന്റെ പാച്ചുവും അത്ഭുതവിളക്കും ചെയ്തത് അനിൽ രാധാകൃഷ്ണനാണെന്നും സാധാരണ ഷൂട്ടിങ്ങിൽനിന്ന് കുറച്ചുകൂടെ ശാന്തമാണ് ഒരു സിങ്ക് സൗണ്ട് സിനിമാസെറ്റെന്നും അനൂപ് സത്യൻ പറയുന്നു.
‘ഒരു കാക്കപോലും അനിലിന്റെ മുന്നിലൂടെ ചിറകടിക്കാതെയെ പറക്കൂ’ എന്നാണ് മോഹൻലാൽ തമാശയായി പറയാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സൂപ്പർസ്റ്റാർ സിനിമയിൽ ജോലി ചെയ്യുമ്പോൾ ഏറ്റവും വലിയ ചലഞ്ച് സമയത്ത് ഷൂട്ടിങ് തുടങ്ങാൻ സാധിക്കുക എന്നതാണെന്നും പുതിയ തലമുറയിലെ പല അഭിനേതാക്കളും സെറ്റിലേക്ക് വന്നുകിട്ടാൻ വേണ്ടി സെറ്റ് മൊത്തം ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയും വന്നിട്ടുണ്ടെന്നും അനൂപ് പറയുന്നു.
അവിടെയാണ് മോഹൻലാൽ എന്ന താരം വ്യത്യസ്തനാകുന്നതെന്നും പത്തുമിനിട്ട് വൈകാൻ ചാൻസുണ്ടെന്ന് തോന്നിയാൽ മിനിമം മൂന്നുകോളുകൾ തനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വരുമെന്നും അനൂപ് കൂട്ടിച്ചേർത്തു.