എസിയിലെ തണുപ്പിന് പരിധി; നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
national news
എസിയിലെ തണുപ്പിന് പരിധി; നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th June 2025, 4:03 pm

 

ന്യൂദൽഹി: എസിയുടെ തണുപ്പിന് പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഏറ്റവും കുറ‍ഞ്ഞ തണുപ്പ് 20 ഡി​ഗ്രി ആയി നിജപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

നിലവിൽ ഏറ്റവും കുറഞ്ഞ എയർ കണ്ടീഷണറിന്റെ മിനിമമായ 16 ഡി​ഗ്രിയിൽ നിന്നും 20 ലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിന്റെ പുതിയ ഊർജ സംരക്ഷണ നിയന്ത്രണം നടപ്പാക്കലിന്റെ ഭാ​ഗമായാണ് 20 ‍ഡി​ഗ്രി എന്ന മാറ്റമെന്നാണ് വിവരം.

കാലാവസ്ഥ എത്ര ചൂടുള്ളതാണെങ്കിലും എയർ കണ്ടീഷനിങ്ങിന്റെ മിനിമം 20 ​ഡി​ഗ്രിയിൽ നിയന്ത്രണ വിധേയമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എയർ കണ്ടീഷണറുകളുടെ പ്രവർത്തന താപനില പരിധി സ്റ്റാൻഡേർഡ് ചെയ്യുന്നതിനായി ഗവൺമെന്റ് ഉപകരണ നിർമാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇക്കാര്യത്തിൽ ഔദ്യോ​ഗിക അറിയിപ്പുകളൊന്നും ലഭ്യമല്ല.

എന്നാൽ എസിയുടെ മിനിമം കണ്ടീഷനിങ്ങ് 20-28 എന്ന പരിധിയിൽ ക്രമീകരിക്കാൻ ഒരുങ്ങുന്നുവെന്ന് ഊർജ മന്ത്രി മനോഹർ ലാൽ ഇന്നലെ ദൽഹിയിൽ പത്രസമ്മേളനത്തിൽ വെച്ച് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

എയർ കണ്ടീഷനിങ്ങ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒരു പുതിയ വ്യവസ്ഥ ഉടൻ നടപ്പിലാക്കും. എസികൾക്കുള്ള താപനില മാനദണ്ഡം 20 ഡി​ഗ്രി സെൽഷ്യസിനും 28 ഡി​ഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും സജ്ജീകരിക്കുക. അതായത് 20ൽ താഴെ തണുപ്പിക്കാനോ 28ന് മുകളിൽ ചൂടാവാനോ കഴിയില്ല, മന്ത്രി പറഞ്ഞു.

വീടുകളിലും ഹോട്ടലുകളിലും കാറുകളിലുമടക്കം ഇത് ബാധകമാകുമെന്നും വൈദ്യുതി കുറച്ച് ഉപയോ​ഗിക്കുക എന്നതിന്റെ പ്രാരംഭ ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞിരുന്നു. ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രദ്ധയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നതെന്നും പറയുന്നു.

രാജ്യത്ത് ഉപയോ​ഗിക്കുന്ന വൈദ്യുതിയുടെ ലോഡിന്റെ അഞ്ചിലൊരു ഭാ​ഗവും എയർ കണ്ടീഷണറുകളാണ് ഉപയോ​ഗിക്കുന്നതെന്ന് റിപ്പോർട്ട് ലഭിച്ചതായും വിവരമുണ്ട്.

പുതിയ നിയമം വരുന്നതിലൂടെ എങ്ങനെ പാലിക്കപ്പെടുന്നുവെന്ന് സർക്കാർ നിരീക്ഷിക്കുമെന്നും ഇത് എങ്ങനെ എപ്പോൾ മുതൽ നടപ്പിലാക്കുമെന്നതിന്റെ കൃത്യമായ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.

Content Highlight: There is a limit to the cooling capacity of ACs; Central government is preparing to regulate it