കൊച്ചി: ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ ‘ജെട്ടിയില്‍ നിന്ന് പാന്റായി’ എന്ന പരിണാമം മാത്രമാണ് ആര്‍.എസ്.എസിലുണ്ടായതെന്ന് പ്രകാശ് രാജ് പറഞ്ഞു. മലയാള മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം മറ്റൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടാല്‍ നിങ്ങള്‍ എന്തായിരിക്കും ചോദിക്കുക എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. അതിന് താന്‍ നൽകുന്ന ഉത്തരം ‘ഒരു ഗ്ലാസ് ചായ തരാമോ’ എന്നായിരിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.
നുണകളുടെ ഒരു പരമ്പരയാണ് ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് പ്രചരിപ്പിക്കുന്നതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യത്തിന് മുമ്പ് ഗാന്ധിയായിരുന്നു സ്വതന്ത്ര സമരസേനാനിയെങ്കില്‍ പിന്നീട് അത് ഗോഡ്‌സെയും സവര്‍ക്കറുമായെന്നും പ്രകാശ് രാജ് പറഞ്ഞു. ഗോഡ്സെയെ പലരും ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു. തന്റെ നിലപാടുകളില്‍ നിന്ന് ഒരുകാലത്തും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍.എസ്.എസ്-ബി.ജെ.പി രാഷ്ട്രീയത്തെ നിരന്തരമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് പ്രകാശ് രാജ്. കേരളത്തിലെ പല സാംസ്‌കാരിക വേദികളിലെയും സജീവ സാന്നിധ്യം കൂടിയാണ് അദ്ദേഹം.
ഒരു വേദിയിലും അദ്ദേഹം തന്റെ നിലപാടുകളും വിമര്‍ശനങ്ങളും വ്യക്തമാക്കാറുണ്ട്. നിലവില്‍ അത്തരമൊരു വിമര്‍ശനമാണ് ആര്‍.എസ്.എസിനെതിരെ പ്രകാശ് രാജ് നടത്തിയിരിക്കുന്നത്.
Content Highlight: There has been no other evolution in RSS other than ‘from jetty to pants’: Prakash Raj