ഇന്ദ്രൻസിൻ്റെ പങ്കാളിയായി അഭിനയിക്കില്ലെന്ന് പറഞ്ഞ നടിമാരുണ്ട്; ഹോം സിനിമ ചെയ്യാൻ ത്രില്ലായിരുന്നു: മഞ്ജു പിള്ള
Entertainment
ഇന്ദ്രൻസിൻ്റെ പങ്കാളിയായി അഭിനയിക്കില്ലെന്ന് പറഞ്ഞ നടിമാരുണ്ട്; ഹോം സിനിമ ചെയ്യാൻ ത്രില്ലായിരുന്നു: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 2:26 pm

മലയാള സിനിമാ-സീരിയല്‍ രംഗത്ത് സജീവമാണ് നടി മഞ്ജു പിള്ള. 1991-ല്‍ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലാണ് മഞ്ജു പിള്ള ആദ്യമായി അഭിനയിക്കുന്നതെങ്കിലും സത്യവും മിഥ്യയും ആയിരുന്നു മഞ്ജുവിന്റെ ആദ്യത്തെ സീരിയല്‍.

പിന്നീട് സിനിമകളിലും, സീരിയലുകളിലും സജീവമായി. ഹാസ്യ വേഷങ്ങളാണ് ആദ്യം ചെയ്തിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു. 2021ല്‍ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിച്ച ആനിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷക നിരൂപണം ലഭിച്ച കഥാപാത്രമാണ്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള

ഹോം സിനിമ തൻ്റെ തിരിച്ചുവരവാണെന്നും വിജയ് ബാബു തൻ്റെ കുടുംബസുഹൃത്ത് ആണെന്നും മഞ്ജു പിള്ള പറയുന്നു.

വിജയ് ബാബു തന്നെ ഫോൺ ചെയ്ത് ഇങ്ങനെയൊരു പടമുണ്ട് ചെയ്യാമോ എന്ന് ചോദിച്ചെന്നും അതിന് താൻ ഓക്കെ പറഞ്ഞെന്നും നടി പറയുന്നു. ആ സമയത്ത് സിനിമകളൊക്കെ നിർത്തിവെച്ചിരുന്ന സമയമായിരുന്നെന്നും അതുകൊണ്ട് തനിക്കുമൊരു ത്രില്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

താൻ ഓക്കെ പറഞ്ഞതിന് ശേഷം വിജയ് ബാബു ഇന്ദ്രൻസിൻ്റെ പങ്കാളിയായിട്ടാണ് അഭിനയിക്കേണ്ടത്, എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചെന്നും പറയുന്നു. താൻ എന്ത് കുഴപ്പമെന്നാണ് തിരിച്ചുചോദിച്ചതെന്നും ഇന്ദ്രന്‍സിന്റെ ഭാര്യയാകാൻ ചിലർ പറ്റില്ലെന്ന് പറഞ്ഞതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

തനിക്കതിൽ കുഴപ്പമൊന്നും ഇല്ലെന്നും കഥാപാത്രം മാത്രം താൻ നോക്കിയാൽ പോരെയെന്നും അപ്പുറം നിൽക്കുന്നത് ആരുമായിക്കോട്ടെയെന്നും മഞ്ജു പിള്ള പറഞ്ഞു. ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു നടി.

ഹോം സിനിമ എന്റെയൊരു സെക്കന്റ് എന്‍ട്രിയാണ്. വിജയ് ബാബു എന്റെയൊരു കുടുംബ സുഹൃത്ത് കൂടിയാണ്. വിജയേട്ടന്‍ ഫോണ്‍ ചെയ്തിട്ട് ഇങ്ങനെയൊരു സംഭവമുണ്ട് ചെയ്യാമോ എന്ന് ചോദിച്ചു. ആ സമയത്ത് സിനിമകളൊക്കെ കുറവായിരുന്നു, മൊത്തത്തില്‍ എല്ലാവരും നിര്‍ത്തിവെച്ചിരുന്ന സമയമായിരുന്നു. അപ്പോള്‍ എനിക്കുമൊരു ത്രില്ലായിരുന്നു. ‘ചെയ്യാം… പ്രശ്‌നമാകുമോ’ എന്ന് ഞാന്‍ ചോദിച്ചു. ‘പ്രശ്‌നമൊന്നുമില്ല’ എന്നും വിജയേട്ടനും പറഞ്ഞു.

ഞാന്‍ ഓക്കെ പറഞ്ഞതിന് ശേഷം എന്നോട് ‘ഇന്ദ്രന്‍സിന്റെ പെയര്‍ ആയിട്ടാണ്, പങ്കാളിയായിട്ടാണ്, കുഴപ്പമുണ്ടോ’ എന്ന് ചോദിച്ചു. ഞാന്‍ തിരിച്ച് ചോദിച്ചു ‘എന്തിന് കുഴപ്പം’ എന്ന്.

‘അല്ല ഒന്ന് രണ്ട് പേര് ഇന്ദ്രന്‍സിന്റെ ഭാര്യ എന്ന് പറഞ്ഞപ്പോള്‍ നോ പറഞ്ഞിരുന്നു അതാണ്’ എന്ന് അദ്ദേഹം പറഞ്ഞു.

എനിക്കെന്തിനാ കുഴപ്പം, എന്റെ ക്യാരക്ടര്‍ ഞാന്‍ നോക്കിയാല്‍ പോരെ. എന്റെ ഓപ്പോസിറ്റ് നില്‍ക്കുന്നത് ആരുമായിക്കോട്ടേ എനിക്ക് കുഴപ്പമില്ല,’ മഞ്ജു പിള്ള പറയുന്നു.

Content Highlight: There are actresses who have said they will not act as Indrans’ partner saya Manju Pillai