തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. രണ്ട് കോടി രൂപ മൂല്യം വരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം ഗൗരി ലക്ഷ്മി ഭായി പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി.
അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന വജ്രാഭരണങ്ങള്‍ നഷ്ടമായെന്നാണ് ഇവരുടെ പരാതി.
അമൂല്യ രത്‌നക്കല്ലുകള്‍ പതിച്ചവയും പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും ഉള്‍പ്പടെയുള്ളവ ഇരുമ്പ് പെട്ടിയാലാക്കിയായിരുന്നു സൂക്ഷിച്ചിരുന്നതെന്നും ഇതാണ് നഷ്ടമായിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്ന് കൊണ്ടുവന്ന ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്.
2025 നവംബര്‍ മാസത്തില്‍ ബെഗളൂരുവല്‍ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായതായെന്ന് മനസിലായത്. ആഭരണങ്ങള്‍ നഷ്ടമാകുന്നതിന് 10 ദിവസം മുമ്പും അവ പുറത്തെടുത്തിരുന്നെന്നും അവര്‍ പറഞ്ഞു.
കൊട്ടാരത്തില്‍ നിരവധി തവണ രഹസ്യമായി പരിശോധന നടത്തിയിട്ടും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ട് ദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പവിഴം പതിച്ച സ്വര്‍ണ മാലകള്‍, പിച്ചിപ്പൂമൊട്ട് പാദസരം, ഇല ഡിസൈനുള്ള വളകള്‍, പതക്കം, മാട്ടി, അഞ്ച് കുതിരപ്പവന്‍ നാണയങ്ങള്‍, സ്വര്‍ണപിരിവള, കല്ല് പതിച്ച രണ്ട് കമ്മലുകള്‍, കുഴിമിന്നുമാല, റൂബി കല്ലും വജ്രവും പതിച്ച വള, പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ സ്വര്‍ണപതക്കവും മാലയും തുടങ്ങിയ നിരവധി ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.