എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടികള്‍ എന്തിന് രാത്രിയില്‍ ഇറങ്ങിനടക്കണം; ഐ.എ.എസ് ഓഫീസറുടെ മകളെ ബി.ജെ.പി നേതാവിന്റെ മകന്‍ അപമാനിച്ച സംഭവത്തില്‍ ഹരിയാന ബി.ജെ.പി ഉപാധ്യക്ഷന്‍
എഡിറ്റര്‍
Monday 7th August 2017 1:18pm

ന്യൂദല്‍ഹി: ഹരിയാനയില്‍ ഐ.എ.എസ് ഓഫീസറുടെ മകളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ മകന്‍ വികാസ് ബരേല പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി ഹരിയാന ബി.ജെ.പി വൈസ് പ്രസിഡന്റ് രാംവീര്‍ ഭട്ടി.

ആ പെണ്‍കുട്ടി രാത്രി 12 മണിക്കാണ് അവര്‍ പുറത്തിറങ്ങിയത്. എന്തിന് വേണ്ടിയാണ് ഇത്രയും വൈകി അവര്‍ വാഹനം എടുത്ത് പുറത്തിറങ്ങിയത്. അത്തരമൊരു അന്തരീക്ഷം ഒരിക്കലും നന്നായിരിക്കില്ല. നമ്മുടെ സുരക്ഷിതത്വം നോക്കേണ്ടത് നമ്മള്‍ തന്നെയാണ്. -ന്യൂസ് 18 ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഭട്ടി.


Dont Miss മോദി വന്നിട്ട് ഒന്നുമുണ്ടാക്കിയില്ല പിന്നയല്ലേ അമിട്ട് ഷാജിയും ‘ദ്രോഹി’ ആദിത്യനാഥും; അമിത്ഷായും യോഗിയും കൂടി വന്നാല്‍ എന്തായിരിക്കും അവസ്ഥയെന്ന സുരേന്ദ്രന്റെ പോസ്റ്റിനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ


തന്റെ മക്കളെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളാണ്. അര്‍ധരാത്രി മകളെ തനിച്ചുവിടാന്‍ രക്ഷിതാക്കള്‍ തയ്യാറാവരുതായിരുന്നു. വീട്ടില്‍ അവര്‍ കൃത്യമായി തിരിച്ചെത്തുന്നു എന്ന് ഉറപ്പുവരുത്തണമായിരുന്നെന്നും ഭട്ടി പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതായാണ് പുതിയ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ വികാസ് ബറേല പിന്തുടരുന്നതിന്റെ അഞ്ചിടത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് കാണാതായത്.

ഐഎഎസ് ഓഫീസറുടെ മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെ പരാതിയില്‍ ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്റെ മകനും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരളയുടെ മകന്‍ വികാസ് ബരളയെയാണ് ചണ്ഡിഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇയാളെ വിട്ടയക്കുകയും ചെയ്തിരുന്നു.

ജാമ്യം ലഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയ്ക്കെതിരെ വികാസിന്റെ ബന്ധുക്കള്‍ കുപ്രചരണം നടത്തിയിരുന്നു.

ബറാല കുടുംബത്തിലെ അംഗമായ കുല്‍ദീപ് ബറാല എന്നയാളുടെ ഫെയ്സ്ബുക്കിലൂടെയായിരുന്നു പരാതിക്കാരിയായ യുവതിക്കെതിരെ കുപ്രചരണം നടത്തിയത്. രണ്ട് പുരുഷന്മാര്‍ക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടി മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്യുകയായിരുന്നു ഇയാള്‍. മറ്റൊരു പോസ്റ്റില്‍ യുവതി മദ്യ ഗ്ലാസുമായി ഇരിക്കുന്ന ചിത്രമായിരുന്നു ഷെയര്‍ ചെയ്തത്.

വെള്ളിയാഴ്ച അര്‍ധരാത്രി പെണ്‍കുട്ടി കാറില്‍ വീട്ടിലേക്കു തിരിക്കവെയായിരുന്നു സംഭവം. വികാസും സുഹൃത്ത് ആഷിഷും അരമണിക്കൂറോളം തന്നെ പിന്തുടര്‍ന്ന് കാറിന്റെ വാതില്‍ തുറയ്ക്കാനും വാഹനത്തിനുമേല്‍ ഇടിയ്ക്കാനും ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

പെണ്‍കുട്ടി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരും മദ്യപിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഏഴുകിലോമീറ്ററോളമാണ് ഇവര്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നത്.

പിന്നീട് പെണ്‍കുട്ടി ഇക്കാര്യം പൊലീസില്‍ പരാതിപ്പെടുകയും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റു ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

Advertisement