‘മോഹിനിയാട്ടം’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം സൈജു കുറുപ്പ് വീണ്ടും നായകനായി എത്തുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
‘ഹരിവരാസനം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റിൽ പ്രഖ്യാപനത്തോടെ തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തോടനുബന്ധിച്ച് ഉയർന്നിരിക്കുന്നത്.
മലയാളികൾക്ക് വ്യത്യസ്തവും ശ്രദ്ധേയവുമായ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രമാണ് ‘ഹരിവരാസനം’. ‘സാൾട്ട് മാംഗോ ട്രീ’, ‘തൃശൂർ പൂരം’ എന്നീ ചിത്രങ്ങൾക്കുശേഷം രാജേഷ് നായർ വീണ്ടും സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ഡോ. അമ്പാടി കെ. ആണ്.
സൈജു കുറുപ്പിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ താരനിരയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. നിലവിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ഹരിവരാസനം, Photo: Saiju kurup/ Facebook
തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ‘ഹരിവരാസനം’ സിനിമയ്ക്കായി ശബരിമലയുടെ വമ്പൻ സെറ്റ് നിർമിക്കുന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ പ്രമേയത്തെയും അവതരണത്തെയും കുറിച്ചുള്ള കൗതുകം ഇതോടെ കൂടുതൽ ഉയർന്നിരിക്കുകയാണ്.
മാളികപ്പുറത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആർ. ജയചന്ദ്രൻ പ്രോജക്റ്റ് ഡിസൈനറാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം (DOP) സജാദ് കാക്കുവും എഡിറ്റിങ് അജീഷ് ഇടമണും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ സി., മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
മലയാള സിനിമയിൽ വലിയ സ്‌കെയിലിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്നായി ‘ഹരിവരാസനം’ മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഭക്തിയും വികാരവും ത്രില്ലും ഒരുമിച്ചുചേരുന്ന സിനിമയായിരിക്കും ഇതെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് വരുന്ന ജൂലൈയിൽ തിരുവനന്തപുരത്ത് ആരംഭിക്കും.
സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി ‘ഹരിവരാസനം’ മാറുമോയെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ. ടൈറ്റിൽ പ്രഖ്യാപനത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിക്കഴിഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.