താജ് മഹല്‍ കാണേണ്ടവര്‍ വേഗം കണ്ടോ, ഇനി പറ്റിയെന്ന് വരില്ല, അടുത്ത പ്രൊപ്പഗണ്ട പടം ലോഡിങ്
Indian Cinema
താജ് മഹല്‍ കാണേണ്ടവര്‍ വേഗം കണ്ടോ, ഇനി പറ്റിയെന്ന് വരില്ല, അടുത്ത പ്രൊപ്പഗണ്ട പടം ലോഡിങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th September 2025, 7:19 am

സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സിനിമയാണെന്ന് മനസിലാക്കിയ തീവ്ര വലതുപക്ഷക്കാര്‍ അവരുടെ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാനുള്ള ഉപകരണമാക്കി സിനിമയെ മാറ്റുന്ന കാലമാണിത്. കശ്മീര്‍ ഫയല്‍സില്‍ ആരംഭിച്ച പ്രൊപ്പഗണ്ട സിനിമകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും തെറ്റായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിലും ഈ സിനിമകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

കശ്മീര്‍ ഫയല്‍സ്, കേരള സ്‌റ്റോറി എന്നീ സിനിമകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രൊമോട്ട് ചെയ്തതും ദേശീയ അവാര്‍ഡ് വേദിയില്‍ ഈ ചിത്രങ്ങളെ പ്രത്യേകം പരിഗണിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇത്തരം പ്രൊപ്പഗണ്ട സിനിമകളുടെ ലിസ്റ്റിലേക്കുള്ള അടുത്ത എന്‍ട്രിയാണ് ദി താജ് സ്റ്റോറി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

തുഷാര്‍ അമിത് ഗോയല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരേഷ് റാവലാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. താജ് മഹലിനെക്കുറിച്ച് ആര്‍ക്കും അറിയാത്ത കഥ എന്ന തരത്തിലാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ‘പ്രണയത്തിന്റ സ്മാരകത്തെക്കുറിച്ചുള്ള കഥയാണോ അതോ മൂടിവെക്കപ്പെട്ട സത്യമാണോ’, ‘താജ് മഹലിന്റെ അടിയിലെ 22 മുറിയില്‍ മൂടിവെക്കപ്പെടുന്നത് എന്ത്’ എന്നെല്ലാമാണ് പോസ്റ്ററുകള്‍ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ടുകള്‍.

താജ് മഹലിന്റെ മിനാരം ഇളക്കിയെടുക്കുന്ന പരേഷ് റാവലും ഉള്ളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ദൈവത്തിന്റെ രൂപവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ താജ് മഹലില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ചിത്രമാകും ദി താജ് സ്‌റ്റോറിയെന്ന് വ്യക്തമായിരിക്കുകയാണ്.

സംഘപരിവാര്‍ അനുകൂലികളായവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള മോദി കാക്ക കാ ഗാവോം എന്ന ചിത്രം ഒരുക്കിയ തുഷാര്‍ അമിത് ഗോയലാണ് താജ് സ്‌റ്റോറിയുടെ സംവിധായകന്‍. ചിത്രം നിര്‍മിച്ച സുരേഷ് ഝാ തന്നെയാണ് താജ് സ്‌റ്റോറിയും നിര്‍മിക്കുന്നത്. ഒക്ടോബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഛാവായുടെ റിലീസിന് പിന്നാലെ മഹാരാഷ്ട്രയില്‍ വലിയ കോളിളക്കങ്ങളുണ്ടായിരുന്നു. ഔറംഗസേബിന്റെ ക്രൂരതകളാണെന്ന തരത്തില്‍ പ്രചരണം നടത്തിയ ഛാവ ഹിറ്റായതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഔറംഗസേബിന്റെ കല്ലറ പൊളിക്കണമെന്ന് ആവശ്യപ്പെടുകയും ദല്‍ഹിയിലെ ഔറംഗസേബ് റോഡിന്റെ പേര് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

താജ് സ്റ്റോറി റിലീസാകുന്നതിന് മുമ്പ് താജ് മഹല്‍ കാണാന്‍ ആഗ്രഹമുള്ളവര്‍ കണ്ടോളൂ എന്നാണ് പോസ്റ്ററിനെ പരിഹസിച്ച് ഒരുകൂട്ടമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. താജ് മഹല്‍ പണികഴിപ്പിച്ചത് ശിവക്ഷേത്രം തകര്‍ത്തുകൊണ്ടാണെന്നും മഹലിന്റെ അടിയില്‍ ശിവലിംഗമുണ്ടെന്നുമാണ് സംഘപരിവാര്‍ അനുകൂലികളുടെ വാദം.

Content Highlight: The Taj Story movie starring Paresh Rawal first look out now