നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി സുപ്രീം കോടതി തള്ളി
Kerala News
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st October 2022, 1:25 pm

ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി സുപ്രീം കോടതി തള്ളി. വിചാരണ നടത്തുന്ന ജഡ്ജിയോട് വായടച്ച് ഇരിക്കാന്‍ പറയാനാകില്ലെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് അജയ് രസ്‌തോഗി വ്യക്തമാക്കി.

ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ടോ എന്നും, ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തില്‍ നിര്‍ത്താനാകുമെന്നും കോടതി ചോദിച്ചു.

ഹൈക്കോടതി തീരുമാനം എടുത്തതില്‍ സുപ്രീം കോടതി തീരുമാനം എടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. ജുഡീഷ്യല്‍ ഉദ്യാഗസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത്തരം ഹരജികള്‍ ഇടയാക്കില്ലേ എന്ന് ചോദിച്ചാണ് കോടതി അതിജീവിതയുടെ ഹരജി തള്ളിയത്.

കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹരജി നല്‍കിയത്.

ജഡ്ജി ഹണി എം. വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയില്‍ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. നടി കേസിലെ വിചാരണ ജഡ്ജിക്കെതിരായ പരാമര്‍ശത്തിലാണ് ഹൈക്കോടതിയില്‍ ഹാജരായി മാപ്പ് പറഞ്ഞത്.

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിക്ക് കഴിവില്ലെന്നും നീതിബോധം ഉള്ള ജഡ്ജിയാണെങ്കില്‍ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചതിനാണ് ഹൈക്കോടതി ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തത്.

കേസില്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായില്ല. ഇതോടെ ഇന്നലെ ഹാജരായില്ലെങ്കില്‍ മറ്റ് നടപടിയിലേക്ക് കടക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് കോടതിയില്‍ ഹാജരായ ബൈജു കൊട്ടാരക്കര മാപ്പ് അപേക്ഷിച്ചു. ജുഡീഷ്യറിയെ അപമാനിക്കാനോ, ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു.

കേസിലെ തുടര്‍നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം തള്ളിയ കോടതി കേസ് ഈ മാസം 25ലേക്ക് മാറ്റി.

Content Highlight: The Supreme Court rejects plea to change the trial court in Actress Attack case