സംഘപരിവാറുകാരനായ ഗവര്‍ണറെ ചാന്‍സലറായി നിയമിച്ചു; മഹാത്മാ ഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തില്‍ നിന്ന് ഒമ്പത് ട്രസ്റ്റികള്‍ രാജിവെച്ചു
national news
സംഘപരിവാറുകാരനായ ഗവര്‍ണറെ ചാന്‍സലറായി നിയമിച്ചു; മഹാത്മാ ഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തില്‍ നിന്ന് ഒമ്പത് ട്രസ്റ്റികള്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st October 2022, 9:10 am

ഗാന്ധിനഗര്‍: മഹാത്മാ ഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലറായി ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്തിനെ നിയമിച്ചതിനെത്തുടര്‍ന്ന് ഒമ്പത് ട്രസ്റ്റികള്‍ രാജിവെച്ചു. പുതിയതായി നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍ സംഘപരിവാറുകാരനും, ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് എതിരായ വ്യക്തിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രസ്റ്റികളുടെ രാജി.

വിദ്യാപീഠത്തിന്റെ 68ാമത് ബിരുദധാന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രസ്റ്റികളുടെ രാജി. പുതിയ ചാന്‍സലറായുള്ള ദേവ് വ്രത്തിന്റെ നിയമനം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം തിടുക്കത്തിലുള്ളതാണെന്നും, വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചുകൊണ്ടാണെന്നും രാജിക്ക് ശേഷം സംയുക്ത പ്രസ്താവനയിലൂടെ ഒമ്പത് ട്രസ്റ്റികള്‍ വ്യക്തമാക്കി.

‘പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ചാന്‍സലറോടുള്ള ഞങ്ങളുടെ താഴ്മയായ അഭ്യര്‍ത്ഥന: ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എങ്ങനെയായിരുന്നെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. അത് സ്വയമേവയോ ട്രസ്റ്റി ബോര്‍ഡിന്റെ ഏകകണ്ഠമായ തീരുമാനമോ ആയിരുന്നില്ല. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിലായിരുന്നു. ഗാന്ധിയുടെ മൂല്യങ്ങളോടും രീതികളോടും പ്രയോഗങ്ങളോടുമുള്ള തികഞ്ഞ അവഗണനയായിരുന്നു അത്. നിങ്ങളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും കളങ്കം വരുത്തി അതെങ്ങനെ സ്വീകരിക്കാനാവും?,’ എന്നാണ് തിങ്കളാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് പങ്കുവെച്ച സംയുക്ത പ്രസ്താവനയില്‍ രാജിവെച്ച് ട്രസ്റ്റികള്‍ പറഞ്ഞത്.

‘ജനാധിപത്യ മൂല്യങ്ങളും നിങ്ങളുടെ സുതാര്യമായ സ്വയംഭരണാധികാരവും ഉയര്‍ത്തിപ്പിടിച്ച്, ചുമതലയേറ്റ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പിന്മാറി മാതൃക കാണിക്കാന്‍ താങ്കള്‍ക്ക് അവസരമുണ്ടെന്നും’ ഗവര്‍ണറോട് പ്രസ്താവനയിലൂടെ ട്രസ്റ്റികള്‍ അഭ്യര്‍ത്ഥിച്ചു.

ഇത്തരം നടപടികളിലൂടെ, വലുതും ചെറുതും, ശക്തവും ദുര്‍ബലവുമായ ഗാന്ധിയന്‍ സ്ഥാപനങ്ങളെ ഏറ്റെടുക്കാനും അതുവഴി ചരിത്രത്തെ മായ്ച്ചുകളയാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളേയും രാജിവെച്ച ട്രസ്റ്റികള്‍ പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.

പ്രശസ്ത ഗാന്ധിയനും സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ സ്ഥാപകയുമായ എലാബെന്‍ ഭട്ടിന്റെ പ്രായാധിക്യം മൂലമുള്ള രാജിയെത്തുടര്‍ന്നാണ് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്തിന്റെ നിയമനം.

എലാബെന്‍ ഭട്ടിന്റെ രാജിയെത്തുടര്‍ന്ന് സംസ്ഥാന ഗവര്‍ണറെ ചാന്‍സലാറായി നിയമിച്ചുകൊണ്ടുള്ള പ്രമേയം വിദ്യാപീഠം ട്രസ്റ്റ് പാസാക്കിയത്. എന്നാല്‍ രാജിവെച്ച ട്രസ്റ്റികള്‍ പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു. ഭൂരിപക്ഷ ട്രസ്റ്റികളും നിയമനത്തെ അംഗീകരിച്ചതിനെത്തുടര്‍ന്ന് ആചാര്യ ദേവ് വ്രത്ത്‌ ഒക്ടോബര്‍ 11ന് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ഗവര്‍ണറുടെ ചാന്‍സലറായുള്ള നിയമനത്തെ അംഗീകരിച്ച പ്രമേയത്തെത്തുടര്‍ന്ന്, സര്‍ക്കാരിന്റെ സമീപനത്തെ അപലപിച്ച ട്രസ്റ്റികള്‍, ഗ്രാന്റുകള്‍ തടഞ്ഞുവെക്കുമെന്നും വിദ്യാപീഠത്തിന്റെ ഡീംഡ് യൂണിവേഴ്സിറ്റി പദവി പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായും അഭിപ്രായപ്പെട്ടു.

നര്‍സിഹ്ഭായ് ഹാതില, ഡോ. സുദര്‍ശന്‍ അയ്യങ്കാര്‍, ഡോ. അനാമിക് ഷാ, മന്ദബെന്‍ പരീഖ്, ഉത്തംഭായ് പര്‍മര്‍, ചൈതന്യ ഭട്ട്, നീതാബെന്‍ ഹാര്‍ദികര്‍, മൈക്കല്‍ മസ്ഗോങ്കര്‍, കപില്‍ ഷാ എന്നിവരാണ് ട്രസ്റ്റി ബോര്‍ഡിലെ രാജിവെച്ച ഒമ്പത് അംഗങ്ങള്‍.

എന്നാല്‍ രാജിക്കത്ത് നല്‍കിയ അംഗങ്ങളുടെ രാജി സ്വീകരിക്കില്ലെന്നും, അവരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും ട്രസ്റ്റി ബോര്‍ഡ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

അഹമ്മദാബാദില്‍ 102 വര്‍ഷം മുമ്പ് സ്ഥാപിതമായ ഗുജറാത്ത് വിദ്യാപീഠം 24 അംഗങ്ങളടങ്ങിയ ട്രസ്റ്റി ബോര്‍ഡാണ് ഭരിക്കുന്നത്. ഗാന്ധിയന്‍ മൂല്യങ്ങളുടെയും, ചിന്തകളുടെയും അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയുള്ള സ്വയംഭരണാധികാര യൂണിവേഴ്‌സിറ്റിയാണ് ഗുജറാത്ത് വിദ്യാപീഠം.

Content Highlight: Nine trustees of Gujarat Vidyapith resigned over Governor as Chancellor