തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം മുന്‍കൈയെടുത്ത് ഒരു ബൃഹദ് തുറമുഖ നിര്‍മാണം സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
5686 കോടിയില്‍ 5370 കോടി 86 ലക്ഷം സംസ്ഥാനവും ബാക്കി 2497 കോടി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമാണ് ആണ് മുടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 8686 കോടിയാണ് പോര്‍ട്ടിന്റെ മൊത്തം ചെലവെന്നും അതില്‍ 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണ് കേന്ദ്രം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്നും വിഴിഞ്ഞത്തെ വീണ്ടെടുത്ത് വികസിപ്പിച്ച് സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്ര നഷ്ടം പരിഹരിക്കാന്‍ കേരളത്തിന് കഴിയുമെന്നും 2045ല്‍ മാത്രം പണി കഴിയേണ്ടിയിരുന്ന തുറമുഖത്തെ 2025ല്‍ തന്നെ തുറന്നുവെന്നും 2028ല്‍ എല്ലാ പ്രവര്‍ത്തനവും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1996ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാവുന്നതെന്നും ഇടക്കാലത്ത് പദ്ധതി അനിശ്ചിതത്വത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയം, മറ്റ് പ്രകൃതിക്ഷോഭങ്ങള്‍, കോവിഡ് അടക്കമുള്ള മഹാവ്യാധികള്‍ പ്രതികൂല ഘടകങ്ങളായെങ്കിലും കേരളത്തിന് പദ്ധതി പൂര്‍ത്തീകരിക്കാനായി.
2009 ല്‍ പദ്ധതി പഠനത്തിനായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ നിയോഗിച്ച് 2010ല്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു. തുടര്‍ന്നങ്ങോട്ട് മനുഷ്യച്ചങ്ങല അടക്കമുള്ള പ്രക്ഷോഭങ്ങള്‍ പദ്ധതിക്കായി സംഘടിപ്പിച്ചു. വിമര്‍ശനങ്ങള്‍ക്കിടയിലും പദ്ധതി സാധ്യമാക്കണമെന്ന് നിലപാട് തന്നെയായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോര്‍ട്ടിന്റെ നിര്‍മാണം ഈ രീതിയില്‍ പൂര്‍ത്തികരിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി കൃതജ്ഞതയും അറിയിച്ചു. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും അദാനി ഗ്രൂപ്പിനും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് തന്റെ അധ്യക്ഷ പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി നമ്മള്‍ ഇതും നേടിയെന്ന് വേദിയില്‍വെച്ച് പ്രഖ്യാപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ് ഈ അഭിമാന നിമിഷം സംജാതമായതെന്നും പ്രധാനമന്ത്രിയുടെ സാന്നിധ്യം വേദിയുടെ പൊലിമ വര്‍ധിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
120 കോടി നല്‍കി തീരദേശവാസികളുടെ പ്രശ്നങ്ങല്‍ പരിഹരിച്ചു. അവരില് പലര്‍ക്കും തുറമുഖത്ത് ജോലി നല്‍കി. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: The state is bearing a major portion of the cost of the Vizhinjam project; Chief Minister puts the Prime Minister on the stage