സ്പീക്കര്‍ ഉരുണ്ടു കളിക്കുന്നു; നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും: എന്‍.എസ്.എസ്
Kerala News
സ്പീക്കര്‍ ഉരുണ്ടു കളിക്കുന്നു; നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും: എന്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th August 2023, 2:32 pm

കോട്ടയം: മിത്ത് പരമാര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉരുണ്ടു കളിക്കുകയാണെന്ന് എന്‍.എസ്.എസ്. സ്പീക്കറുടെ വിവാദപരാമര്‍ശങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും എന്‍.എസ്.എസ് പറയുന്നു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം പുറത്തിറക്കിയ എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

‘ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച് നിയമസഭ സ്പീക്കര്‍ ഷംസീറിന്റെ തെറ്റായ പരാമര്‍ശങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇതിനെതിരെയാണ് എന്‍.എസ്.എസ്. പ്രതികരിച്ചത്.

നിയമസഭ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല, വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും വിധം നടത്തിയ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പുപറയണം, അല്ലാത്തപക്ഷം സംസ്ഥാന ഗവണ്മെന്റ് സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം എന്ന  ആവശ്യങ്ങളാണ് എന്‍.എസ്.എസ്. ഉന്നയിച്ചിരുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച്, ഈ വിഷയത്തില്‍ ഷംസീര്‍ മാപ്പുപറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല, തിരുത്തേണ്ട ഒരു കാര്യവും ഇതിലില്ല എന്ന പ്രതികരണമാണ് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയില്‍ നിന്നും ഉണ്ടായത്.

പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ ഇതിനെ വിശ്വാസികള്‍ കാണുന്നുള്ളൂ. പ്രസ്തുത വിഷയത്തില്‍ സ്പീക്കറുടെ വിശദീകരണവും വെറും ഉരുണ്ടുകളി മാത്രമായിരുന്നു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ല,’ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എന്‍.എസ്.എസ് സംഘടിപ്പിച്ച വിശ്വാസസംരക്ഷണദിനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തതിനെക്കുറിച്ചും വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. കേസ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും എന്‍.എസ്. എസ് അറിയിച്ചു.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം

‘പ്ലാസ്റ്റിക് സര്‍ജറി മെഡിക്കല്‍ സയന്‍സിലെ ഒരു പുതിയ കണ്ടുപിടിത്തമാണ്. ഇവിടെ പഠിപ്പിക്കാന്‍ നോക്കുന്നത് പ്ലാസ്റ്റിക് സര്‍ജറി പണ്ടയുള്ളതാണ് ഹിന്ദുത്വകാലത്തേയുള്ളതാണ്.

Who was the first Plastic Surgery baby? ഉത്തരം മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണ പതിയാണ്. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ സയന്‍സിനെ പ്രമോട്ട് ചെയ്യാന്‍ സാധിക്കണം. മത നിരപേക്ഷതയ്ക്ക് ആയിരിക്കണം ഊന്നല്‍ കൊടുക്കേണ്ടത്.”

എന്നിങ്ങനെ ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച് നിയമസഭാസ്പീക്കര്‍ ഷംസീറിന്റെ തെറ്റായ പരാമര്‍ശങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇതിനെതിരെയാണ് എന്‍.എസ്.എസ്. പ്രതികരിച്ചത്.

നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല, വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും വിധം നടത്തിയ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പുപറയണം, അല്ലാത്തപക്ഷം സംസ്ഥാന ഗവണ്മെന്റ് സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം എന്ന മൂന്ന് ആവശ്യങ്ങളാണ് എന്‍.എസ്.എസ്. ഉന്നയിച്ചിരുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച്, ഈ വിഷയത്തില്‍ ഷംസീര്‍ മാപ്പുപറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല, തിരുത്തേണ്ട ഒരു കാര്യവും ഇതിലില്ല എന്ന പ്രതികരണമാണ് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയില്‍നിന്നും ഉണ്ടായത്.

പാര്‍ട്ടിസെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ ഇതിനെ വിശ്വാസികള്‍ കാണുന്നുള്ളൂ. പ്രസ്തുത വിഷയത്തില്‍ സ്പീക്കറുടെ വിശദീകരണവും വെറും ഉരുണ്ടുകളി മാത്രമായിരുന്നു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ല.

അതിനാല്‍, ഈശ്വരവിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 2-ാം തീയതി ബുധനാഴ്ച വിശ്വാസസംരക്ഷണദിനമായി ആചരിക്കുവാന്‍ എന്‍.എസ്.എസ്. തീരുമാനിക്കുകയും സംസ്ഥാനവ്യാപകമായി അത് സമാധാനപരമായി ആചരിക്കുകയും ചെയ്തു.

അന്നേദിവസം എന്‍. എസ്.എസ്. പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തുകയും വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാനാണ് ആഹ്വാനം ചെയ്തിരുന്നത്.

ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാന്‍ പാടില്ല എന്ന് പ്രത്യേകം നിര്‍ദ്ദേശം നല്കുകയും ചെയ്തിരുന്നു.

വിശ്വാസസംരക്ഷണദിനം ആചരിച്ചതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എന്‍.എസ്.എസ്. താലൂക്ക് യൂണിയന്റെ അഭിമുഖ്യത്തില്‍ സമാധാന പരമായി നടത്തിയ നാമജപഘോഷയാത്രക്ക് നേതൃത്വം നല്കിയ യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. വൈസ് പ്രസിഡന്റുമായ എം. സംഗീത്കുമാറിനും അതില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന ആയിരത്തിലധികം എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും എതിരെ അന്യായമായി സംഘം ചേര്‍ന്നു, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യത്തിന് അസൗകര്യം സൃഷ്ടിച്ചു തുടങ്ങിയ കാരണങ്ങള്‍ കാണിച്ച് കന്റോണ്‍മെന്റ് പോലീസ് കേസ് എടുക്കുകയാണ് ചെയ്തത്.

നിയമപരമായി നിലനില്ക്കാത്ത പ്രസ്തുത കേസ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. കേരളാ ഹൈക്കോടതിമുമ്പാകെ എന്‍.എസ്. എസ്. വൈസ് പ്രസിഡന്റ് സംഗീത്കുമാര്‍ വാദിയായിക്കൊണ്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.

സ്പീക്കറുടെ വിവാദപരാമര്‍ശങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ട്.

പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനടി നടപടിയെടുക്കാത്തപക്ഷം വിശ്വാസസംരക്ഷണത്തിനുവേണ്ടി നിയമപരമായ മാര്‍ഗങ്ങളുമായി മുന്നോട്ടുപോകാനാണ് എന്‍.എസ്.എസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

content highlights: The speaker rolls and plays; Legal action will be taken if no action is taken: NSS