യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മൂത്രം കുടിപ്പിച്ചു; ഇഞ്ചക്ഷന്‍ കുത്തിവെച്ചു; ആറ് പേര്‍ അറസ്റ്റില്‍
national news
യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മൂത്രം കുടിപ്പിച്ചു; ഇഞ്ചക്ഷന്‍ കുത്തിവെച്ചു; ആറ് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th August 2023, 1:28 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ മൂത്രം കുടിപ്പിച്ച് പച്ചമുളക് കഴിപ്പിക്കുന്ന വീഡിയോ പുറത്ത്. കുട്ടികളുടെ മലദ്വാരത്തില്‍ പച്ചമുളക് തേക്കുകയും, തിരിച്ചറിയാത്ത ഇന്‍ഞ്ചെക്ഷനുകള്‍ കുത്തിവെക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. പത്തും 15ഉം വയസുള്ള കുട്ടികളെയാണ് മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ഉപദ്രവിച്ചത്.

കുട്ടികളെ പച്ചമുളക് കഴിപ്പിക്കുന്നതും കുപ്പിയില്‍ നിന്നും മൂത്രം കുടിപ്പിക്കുന്നതുമായ വീഡിയോയാണ് പ്രചരിക്കുന്നത്. പറഞ്ഞത് പോലെ ചെയ്തില്ലെങ്കില്‍ തല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കുട്ടികളെ കെട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നു. കുട്ടികളുടെ കൈകള്‍ കെട്ടിയിട്ട് നിലത്ത് കിടത്തി അവരുടെ ട്രൗസര്‍ അഴിക്കുകയും മലദ്വാരത്തില്‍ പച്ചമുളക് തേക്കുകയും ചെയ്തു. തുടര്‍ന്ന് വേദന കാരണം കരഞ്ഞ കുട്ടികള്‍ക്ക് മഞ്ഞ നിറത്തിലുള്ള ഇഞ്ചക്ഷന്‍ കുത്തിവെക്കുകയും ചെയ്തു.

ആഗസ്റ്റ് നാലിനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പാത്ര ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അര്‍ഷന്‍ ചിക്കന്‍ കടയിലാണ് സംഭവം.

ബുധനാഴ്ച കടയില്‍ നിന്ന് 2000 രൂപ കാണാതായതിനെ തുടര്‍ന്ന് ചായ വാങ്ങി തരാം എന്ന വ്യാജേന പ്രതികള്‍ കുട്ടികളെ വിളിച്ച് വരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് കുട്ടികള്‍ക്കെതിരെയുള്ള ആക്ഷേപകരമായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതായും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും ജില്ല അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ പറഞ്ഞു. ആക്രമണത്തെ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞുവെന്നും അതില്‍ ആറ് പേരെ കസ്റ്റഡിയിലെടുത്തെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.

അതേസമയം മുഖ്യപ്രതികളായ സൗദ്, ഷപു എന്നിവര്‍ ഒളിവിലാണെന്ന് ഒരു കുട്ടിയുടെ പിതാവും മാധ്യമങ്ങളോട് പറഞ്ഞു.

content highlights: Child abuse at utherpradesh