കണ്ണൂര്‍: സുന്നി മഹല്ല് ഫെഡറേഷ(എസ്.എം.എഫ്)ന്റെ ജില്ല സെക്രട്ടേറിയേറ്റ് യോഗം മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്നത് വിവാദത്തില്‍.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പോഷക സംഘടനയായ എസ്.എം.എഫിന് സമസ്തയുടെ ഇസ്‌ലാമിക് സെന്റര്‍ ഉണ്ടായിട്ടും മുസ്‌ലിം ലീഗ് ജില്ലാകമ്മറ്റി ഓഫീസായ ബാഫഖി സൗധത്തില്‍ യോഗം ചേര്‍ന്നതാണ് വിവാദമാകാന്‍ കാരണം.
ലീഗ് ഓഫീസില്‍ യോഗം ചേരാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ സെക്രട്ടേറിയേറ്റ് അംഗങ്ങളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് കാര്യമാക്കാതെയാണ് യോഗം ചേര്‍ന്നത്. യോഗം നടക്കുമ്പോഴും ഓഫീസില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
സമസ്തയുടെയും എസ്.എം.എഫിന്റെയും എല്ലാ യോഗങ്ങളും ഇസ്‌ലാമിക് സെന്ററിലാണ് ചേരാറുള്ളത്. എന്നാല്‍ ഇസ്‌ലാമിക് സെന്ററില്‍ നടത്തുന്ന യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചോരുന്നതിനാലാണ് യോഗം ലീഗ് ഓഫീസിലേക്ക് മാറ്റിയതെന്ന് ജില്ലാ നേതാക്കള്‍ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത അംഗം പറഞ്ഞു.
സെക്രട്ടേറിയേറ്റിലെ 35 അംഗങ്ങളില്‍ 17 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതുകൂടാതെ മഹല്ല് കമ്മിറ്റി അംഗങ്ങള്‍ അല്ലാത്ത ലീഗ് നേതാക്കളെ ഉള്‍പ്പെടുത്തി എസ്.എം.എഫ് ജില്ല കമ്മിറ്റി വിപുലീകരിച്ചതായും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
Content Highlight: The SMF district secretariat meeting held at the Muslim League district committee office has become controversial