പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായെത്തിയ തേന്മാവിന്‍ കൊമ്പത്ത് 30 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. റീ റിലീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

മോഹന്‍ലാലിന്റെയും ശോഭനയുടെയും പ്രകടനങ്ങള്‍ക്കൊപ്പം പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച മറ്റൊരു കഥാപാത്രമായിരുന്നു സോണിയ ബോസ് അവതരിപ്പിച്ച കുയിലി. എന്നാല്‍, മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഈ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സോണിയയെ ആയിരുന്നില്ല. മലയാളത്തിലെ മറ്റൊരു പ്രമുഖ നടിക്കായി മാറ്റിവെച്ച വേഷമായിരുന്നു കുയിലിയുടേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സോണിയ ബോസ്.

പ്രിയദര്‍ശന്റെ ഭാര്യയും നടിയുമായ ലിസിയുടെ നിര്‍ബന്ധമാണ് കുയിലിയാകാന്‍ തനിക്ക് അവസരമൊരുക്കിയതെന്നാണ് സോണിയ പറയുന്നത്. ലിസിയുമായുള്ള നേരത്തേയുള്ള പരിചയവും ഈ സിനിമയിലേക്ക് വഴിതുറന്നു.

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ഒരു പരിപാടിയുടെ അവതാരകയായിരുന്നു സോണിയ. പ്രശസ്തരായ വ്യക്തികളെ അഭിമുഖം ചെയ്യുന്ന പരിപാടിയുടെ നിര്‍മാതാവ് ലിസിയായിരുന്നു. ആ പരിചയമാണ് പിന്നീട് തേന്മാവിന്‍ കൊമ്പത്തിലേക്കുള്ള അവസരമായി മാറിയത്.
ജാങ്കോ സ്പേസിന് നല്‍കിയ അഭിമുഖത്തിലാണ് കുയിലി എന്ന കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് സോണിയ മനസുതുറന്നത്.

‘ലിസി ചേച്ചി കാരണമാണ് എനിക്ക് ഈ പടം കിട്ടിയത്. ദൂരദര്‍ശനില്‍ ഒരു പരിപാടി ആങ്കര്‍ ചെയ്തിരുന്നത് ഞാനായിരുന്നു. ശശി അങ്കിളിനെപ്പോലെയുള്ള വലിയ ലെജന്‍ഡ്സിനെ അഭിമുഖം ചെയ്യുന്ന പരിപാടിയായിരുന്നു അത്. അതിന്റെ പ്രൊഡ്യൂസര്‍ ലിസി ചേച്ചിയായിരുന്നു. പരിചയമില്ലാത്തവരെ വെച്ച് ചെയ്യേണ്ടെന്ന്പറഞ്ഞാണ് എന്നെ വിളിച്ചത്. രോഹിണി ചേച്ചിയുള്‍പ്പെടെ നിരവധി പേരെ ഞാന്‍ അഭിമുഖം ചെയ്തിട്ടുണ്ട്.

വേറെ വലിയൊരു നടിക്കുവേണ്ടി വെച്ചിരുന്ന വേഷമാണ് കുയിലിയുടേത്. ലിസി ചേച്ചി നിര്‍ബന്ധിച്ച് ആ റോള്‍ സോണിയയ്ക്ക് തന്നെ കൊടുക്കണമെന്ന് പറഞ്ഞു. അങ്ങനെയാണ് പ്രിയേട്ടന്‍ ഓക്കെ പറയുന്നത്. എനിക്ക് ഓഡിഷനോ നേരിട്ട് കാണലോ ഒന്നും ഉണ്ടായിരുന്നില്ല. നേരിട്ട് വിളിച്ചുപറഞ്ഞു, പൊള്ളാച്ചിയിലേക്കുള്ള ടിക്കറ്റ് തന്നു. ഞാന്‍ അവിടെ എത്തി,’ സോണിയ പറഞ്ഞു.

ഒരു ഓഡിഷന്‍ പോലുമില്ലാതെ, ലിസിയുടെ ഉറച്ച ശുപാര്‍ശയില്‍ സിനിമയിലെത്തിയ സോണിയയുടെ കുയിലി പിന്നീട് തേന്മാവിന്‍ കൊമ്പത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായി മാറി. വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍, കുയിലി എന്ന കഥാപാത്രത്തിന് ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ്.

Content Highlight: The role was originally meant for another big actress; I got it because of Lissy chechi’s insistence: Sonia Bose on Kuyili