ജനകീയ പ്രതിഷേധത്തില്‍ നുഴഞ്ഞ് കയറി കലാപം നടത്തിയവരെ സമഗ്ര അന്വേഷണത്തിലൂടെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങള്‍ നടത്തിവരുന്ന സമരങ്ങളെല്ലാം ശക്തവും സമാധാനപരവുമായിരുന്നെന്നും നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി ഇന്നലെ നടന്ന സമരത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം എസ്.ഡി.പി.ഐ അക്രമികള്‍ നുഴഞ്ഞ് കയറുകയായിരുന്നെന്നും സി.പി.ഐ.എം ആരോപിച്ചു.
ജില്ലയ്ക്ക് പുറത്തു നിന്നു പോലും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷം നടത്താനായി എത്തിച്ചേര്‍ന്നു. പ്രവര്‍ത്തകര്‍ മനപൂര്‍വം കലാപം അഴിച്ചുവിടുകയുമായിരുന്നെന്നും പാര്‍ട്ടി നേതൃത്വം ആരോപിച്ചു.
നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി, സ്വത്ത് വകകള്‍ നശിപ്പിക്കുകയും പൊലീസിനെ അക്രമിക്കുകയും ചെയ്തു. ഇതിന് പിന്നില്‍ പരിശീലനം ലഭിച്ച എസ്.ഡി.പി.ഐക്കാരാണെന്നും സി.പി.ഐ.എം പത്രക്കുറിപ്പില്‍ പറയുന്നു.
നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി.പി.ഐ.എം കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങള്‍ ദീര്‍ഘകാലമായി സമരത്തിലാണെന്നും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നില്‍ നടന്ന സമരം അക്രമാസക്തമായിരുന്നു. സംഘര്‍ഷത്തിനിടെ ഫാക്ടറിക്ക് തീയിടുകയും ചെയ്തു.
അഞ്ച് കോടിയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ക്കും എസ്.പി ഉള്‍പ്പെടെയുള്ള 20ഓളം പൊലീസുകാര്‍ക്കും പരിക്കേറ്റു.
സംഭവത്തില്‍ മുന്നൂറിലേറെ പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവം ആസൂത്രിതമാണെന്നും പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടായെന്നും കേസന്വേഷണത്തിന്റെ ഡി.ഐ.ജി യതീഷ് ചന്ദ്രയും പ്രതികരിച്ചിരുന്നു.
ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മന്ത്രി എം.ബി രാജേഷും ജനകീയ സമരത്തിലേക്ക് ഛിദ്രശക്തികളുടെ നുഴഞ്ഞുകയറ്റമുണ്ടായെന്ന് പറഞ്ഞിരുന്നു.
Content Highlight: The protest against Fresh Cut is justified; Trained SDPI workers infiltrated: CPI(M)