നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍കാഴ്ചയായിരുന്നു അന്തരിച്ച കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല. കുറ്റ്യാടിയില്‍ നിന്ന് അനുഭവിച്ചറിഞ്ഞ രാഷ്ട്രീയ പോരാട്ടങ്ങളാണ് ജമീലയുടെ നിലപാടുകള്‍ക്ക് അടിത്തറ പാകിയത്. അടിയന്തിരാവസ്ഥ കാലത്തെ പ്രതിരോധ മുന്നേറ്റങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന പിതാവ് ടി.കെ.കെ അബ്ദുല്ലയും അദ്ദേഹത്തിന്റെ സഹോദരിയും കാനത്തില്‍ ജമീലയ്ക്ക് വലിയ പ്രചോദനമായിരുന്നു.
ജനകീയ ആസൂത്രണത്തിലൂടെയാണ് കാനത്തില്‍ ജമീല തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയര്‍ത്തിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജമീല ആദ്യമായി തെരഞ്ഞെടുപ്പ് ചൂട് അറിഞ്ഞത്. എസ്.എഫ്.ഐയ്ക്ക് വേണ്ടിയായിരുന്നു ജമീലയുടെ അന്നത്തെ മത്സരം. പിന്നീട് അധ്യാപന ജീവിതം നയിച്ച കാനത്തില്‍ ജമീല 1995ലാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങിയത്.
കോഴിക്കോട്ടെ തലക്കുളത്തൂര്‍ സ്വദേശിയായ അബ്ദുറഹ്‌മാനാണ് കാനത്തില്‍ ജമീലയുടെ ഭര്‍ത്താവ്. അബ്ദുറഹ്‌മാന്റെ രാഷ്ട്രീയപരമായ കുടുംബ പശ്ചാത്തലം ജമീലയ്ക്ക് കൂടുതല്‍ ആർജവമായി. അങ്ങനെയാണ് 1995ല്‍ ആദ്യമായി കാനത്തില്‍ ജമീല തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
പിന്നീട് അങ്ങോട്ട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച കാനത്തില്‍ ജമീല കൊയിലാണ്ടിയില്‍ നിന്നുള്ള എം.എല്‍.എയായും തെരഞ്ഞെടുക്കപ്പെട്ടു.
1997ലാണ് കാനത്തില്‍ ജമീലയ്ക്ക് പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലും ലഭിക്കുന്നത്. എന്നാല്‍ ഈ ചെറിയ കാലയളവിനുള്ളില്‍ ജമീലയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ജനപ്രീതി നേടിക്കൊടുത്തു. കുടിവെള്ള പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടത് ഉള്‍പ്പെടെയുള്ള ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയാണ് ജമീല ജനങ്ങള്‍ക്ക് പ്രിയങ്കരിയായത്.
തന്റെ വാര്‍ഡില്‍ ആദ്യമായി നടക്കുന്ന ഗ്രാമസഭ ആളുകളെ ചെണ്ടകൊട്ടി അറിയിച്ച, തലക്കുളത്തൂരിലെ ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിച്ച, ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഓടി നടന്ന ജമീലയെ ഒരുപക്ഷെ കോഴിക്കോട്ടുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും.
2021ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എന്‍. സുബ്രഹ്‌മണ്യനെ 8472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയില്‍ എത്തുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചാണ് ജമീല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2010ല്‍ ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജമീല ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നത്.
നിയമസഭാ സമ്മേളനത്തിനിടെ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജമീലയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. രോഗാവസ്ഥയില്‍ ഇരിക്കുമ്പോഴും കാനത്തില്‍ ജമീല കൈവിടാതിരുന്ന പോരാട്ട വീര്യത്തെ കുറിച്ച് സഹപ്രവര്‍ത്തകര്‍ ഇന്ന് ഓര്‍ത്തെടുക്കുകയാണ്.
Content Highlight: The political journy of Kanathil jameela