സി.പി.ഐ.എം-എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ പുറംകാലുകൊണ്ട് തട്ടിയെറിഞ്ഞു: കെ.കെ. രമ
Kerala
സി.പി.ഐ.എം-എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ പുറംകാലുകൊണ്ട് തട്ടിയെറിഞ്ഞു: കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 12:49 pm

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം-എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടുണ്ടായെന്ന് ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ. രമ. ചിലിയിടത്ത് പരസ്യമായി ബി.ജെ.പിയെയും കൂട്ടുപിടിച്ചെന്നും രമ ആരോപിച്ചു.

എല്‍.ഡി.എഫിന് ഈ തിരിച്ചടിയുണ്ടാവാന്‍ കാരണം അവിശുദ്ധ കൂട്ടുകെട്ടാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം ഈ കൂട്ടുകെട്ട് തുടര്‍ന്നു. അഴിയൂര്‍, ഒഞ്ചിയം പഞ്ചായത്തുകളില്‍ സി.പി.ഐ.എമ്മും എസ്.ഡി.പി.ഐയും ബി.ജെ.പിയും കൂട്ടുകെട്ടുണ്ടാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണമടക്കം നടത്തിയത്.

സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ നാടായ തലശേരിയില്‍ പോലും സി.പി.ഐ.എം ഈ കൂട്ടുകെട്ട് തുടര്‍ന്നുവെന്നും കെ.കെ. രമ ആരോപിച്ചു.

ഒഞ്ചിയത്ത് എസ്.ഡി.പി.ഐയുടെ ഒപ്പം ചേര്‍ന്ന സി.പി.ഐ.എമ്മിനെ ജനങ്ങള്‍ പുറംകാലുകൊണ്ട് തട്ടിയെറിഞ്ഞുവെന്നും അവര്‍ പറഞ്ഞു.

അതേസമയം, നിലവില്‍ ഭരണമുള്ള പഞ്ചായത്തുകളായ ഒഞ്ചിയവും ഏറാമലയും ഇത്തവണയും ആര്‍.എം.പി ഒപ്പം നിലനിന്നു. ഏറാമലയില്‍ യു.ഡി.എഫിന് ഒപ്പം നിന്ന് ആര്‍.എം.പി ഭരണം തുടരും.

വടകര നഗരസഭയില്‍ ആര്‍.എം.പിക്ക് അക്കൗണ്ട് തുറക്കാനും സാധിച്ചു. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് ആര്‍.എം.പി പിടിച്ചെടുത്തത്.

Content Highlight: The people have thrown away the unfair alliance of CPI(M) and SDPI: K.K. Rama