നന്ദനത്തില്‍ രഞ്ജിത്ത് എഴുതിവെച്ച ധൈര്യത്തിന്റെ പേരാണ് കെ. എസ്. ചിത്ര: ബിബിന്‍ ജോര്‍ജ്
Entertainment
നന്ദനത്തില്‍ രഞ്ജിത്ത് എഴുതിവെച്ച ധൈര്യത്തിന്റെ പേരാണ് കെ. എസ്. ചിത്ര: ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th June 2025, 1:16 pm

അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് ഈ ഹിറ്റ് സിനിമയുടെ തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു.  പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം തിരക്കഥയൊരുക്കി.

ടെലിവിഷന്‍ പരിപാടിയായ ബഡായി ബംഗ്ലാവില്‍ കോമഡി സ്‌കിറ്റുകള്‍ എഴുതിയിട്ടുണ്ട്.  2018ല്‍ ഷാഫിയുടെ സംവിധാനത്തില്‍ എത്തിയ ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലുടെ അദ്ദേഹം നായകനായി.  ഇപ്പോള്‍ നന്ദനത്തെക്കുറിച്ച് സംസാരിക്കുകയാണ് ബിബിന്‍ ജോര്‍ജ്. നന്ദനം സിനിമയില്‍ ചിത്രത്തിന്റെ എഴുത്തുകാരന്‍ രഞ്ജിത്ത് എഴുതിവെച്ചിരിക്കുന്നത് എല്ലാവരും ബാലാമണിക്ക് എതിരാണെന്നും ബാലമണി ഒരു പാട്ട് പാടുന്നതോട് കൂടെ എല്ലാവരും അവളെ സ്‌നേഹിക്കുന്നുവെന്നും ആണെന്ന് ബിബിന്‍ പറയുന്നു.


ആ ധൈര്യത്തിന്റെ പേരാണ് കെ. എസ്. ചിത്രയെന്നും ക്ലൈമാക്‌സിലെ പാട്ട് ഏറ്റില്ലെങ്കില്‍ പിന്നെ സിനിമയില്ലെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ത്തിക് സൂര്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നന്ദനം എന്ന് പറഞ്ഞ സിനിമ. ആ സിനിമയുടെ എഴുത്തുകാരന്‍ രഞ്ജിയേട്ടന്‍ എഴുതിവെച്ചിരിക്കുകയാണ് ക്ലൈമാക്സില്‍ എല്ലാവരും എതിരാണ് ബാലാമണിക്ക്. ബാലാമണി ഒരു പാട്ട് പാടുന്നു. എല്ലാവരും അവളെ സ്നേഹിക്കുന്നു. ശുഭം. ആ ധൈര്യത്തിന്റെ പേരാണ് ചിത്രച്ചേച്ചി.  അത് ഏറ്റില്ലെങ്കില്‍ ബാലാമണിയുടെ കയ്യില്‍ നിന്നും പോയെനെ, ആ പാട്ട് വിജയിച്ചില്ലെങ്കില്‍ പിന്നെ സിനിമയില്ല,’ ബിബിന്‍ പറയുന്നു.


രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലെ പാട്ടുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ക്ലൈമാക്‌സിലെ കാര്‍മ്മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ എന്ന പാട്ടാണ്. ഹരികാംബോജി രാഗത്തില്‍ വന്ന പാട്ട് എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. രവീന്ദ്രന്‍ സംഗീതം നിര്‍വഹിച്ച പാട്ട് പാടിയത് കെ. എസ്. ചിത്രയാണ്.


രഞ്ജിത്തിന്റെ സംവിധാനത്തില്‍  പൃഥ്വിരാജ്, നവ്യ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് നന്ദനം.  കവിയൂര്‍ പൊന്നമ്മ, രേവതി, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങള്‍.

Content Highlight: The name of the courage that Ranjith wrote in Nandanam is K. S. Chithra says Bibin George