ധാരണാപത്രം മരവിപ്പിക്കണം; ഒടുവില്‍ പി.എം ശ്രീയില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു
Kerala
ധാരണാപത്രം മരവിപ്പിക്കണം; ഒടുവില്‍ പി.എം ശ്രീയില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th November 2025, 4:02 pm

തിരുവനന്തപുരം: പി.എം ശ്രീയില്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ധാരണാപത്രം മരവിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഇന്ന് (ബുധന്‍) രാവിലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്തയച്ചത്. പി.എം ശ്രീയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് രാവിലെ സി.പി.ഐ മന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. കേന്ദ്രത്തിന് കത്തയക്കാന്‍ വൈകുന്നതിലുള്ള അമര്‍ഷം മുഖ്യമന്ത്രിയെ മന്ത്രിമാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.

സി.പി.ഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പി.എം ശ്രീയില്‍ നിന്ന് പിന്മാറാനും ധാരണാപത്രം മരവിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കാനും മന്ത്രിസഭയില്‍ തീരുമാനമായിരുന്നു. എന്നാല്‍ രണ്ട് ആഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ കത്തയക്കാത്തതിന് പിന്നാലെയാണ് സി.പി.ഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടത്.

അതേസമയം പി.എം ശ്രീയില്‍ ഒപ്പിട്ട നടപടി പരിശോധിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ഇതുവരെ യോഗം ചേരാത്തതിലും സി.പി.ഐയ്ക്ക് അതൃപ്തിയുണ്ട്. പി.എം ശ്രീയില്‍ ഒപ്പുവെച്ചത് കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാനുള്ള തന്ത്രമാണെന്നാണ് വിവാദങ്ങളില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നല്‍കുന്ന വിശദീകരണം.

നേരത്തെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ ഫണ്ട് നല്‍കാതെ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നല്‍കുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി ഉറപ്പ് നല്‍കിയിരുന്നു.

പി.എം ശ്രീയില്‍ ഒപ്പിടാത്ത സംസ്ഥാനങ്ങള്‍ക്ക് എസ്.എസ്.എ ഫണ്ട് അനുവദിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ കേരളം പി.എം ശ്രീയില്‍ ഒപ്പുവെച്ചതോടെ എസ്.എസ്.എ, എസ്.എസ്.കെ ഫണ്ടുകള്‍ ലഭിക്കുമെന്ന് സംസ്ഥാനത്തിന് പ്രതീക്ഷയുണ്ടായിരുന്നു.

പക്ഷേ പദ്ധതിയില്‍ നിന്നും കേരളം പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതോടെ കേന്ദ്രം ഫണ്ട് നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടർന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: The MoU should be frozen; Finally, the state govt sent a letter to the center in PM Shri