'ലേശം ഭാവന കൂട്ടി പറഞ്ഞതാണ്' പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി. സുധാകരന്‍
Kerala News
'ലേശം ഭാവന കൂട്ടി പറഞ്ഞതാണ്' പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th May 2025, 6:44 pm

ആലപ്പുഴ: പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ നിന്ന് മലക്കം മറിഞ്ഞ് സി.പി.ഐ.എം മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. തപാല്‍ വോട്ട് തിരുത്തിയെന്ന് ലേശം ഭാവന കലര്‍ത്തി പറഞ്ഞതാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

20 വര്‍ഷം എം.എല്‍.എ ആയിരുന്ന താന്‍ ഒരിക്കല്‍ പോലും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും കള്ളവോട്ട് ചെയ്യാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ജി. സുധാകരന്‍ പ്രതികരിച്ചു. ഒരു ബാലറ്റും ആരും തിരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെളിപ്പെടുത്തലില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ജി. സുധാകരന്റെ മലക്കം മറച്ചില്‍. ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍.യു. കേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്.

തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി. സുധാകരന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വോട്ട് മാറ്റി ചെയ്യുന്നവരെ ഒന്ന് ഭയപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ അത്തരത്തില്‍ സംസാരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജി. സുധാകരൻ മലക്കം മറിഞ്ഞത്.

ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൂര്‍വകാല നേതൃസംഗമത്തില്‍ സംസാരിക്കവേയായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം. ഇനി കേസെടുത്താലും കുഴപ്പമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജി. സുധാകരന്‍ സംസാരിച്ചത്.

1989ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. എന്‍.ജി.ഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് തപാല്‍ വോട്ട് ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നവരുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജി. സുധാകരന്റെ സംസാരിച്ചത്.

കെ.എസ്.ടി.എ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍, ജില്ലാകമ്മിറ്റി ഓഫീസില്‍വെച്ച് പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് പരിശോധിച്ച ശേഷം തങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നും ജി. സുധാകരന്‍ വെളിപ്പെടുത്തുകയായിരുന്നു.

15 ശതമാനം ആളുകളും വോട്ടുചെയ്തത് എതിര്‍ സ്ഥാനാര്‍ത്ഥിക്കായിരുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടിന് ദേവദാസ് തോറ്റുവെന്നുംഅന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു അദ്ദേഹം മത്സരിച്ചതെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി.

യൂണിയനിലെ ഭൂരിഭാഗം ആളുകള്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും ഇക്കാരണത്താലാണ് പോസ്റ്റല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Content Highlight: ‘The lie was made up with imagination’ G.Sudhakaran changed his revelation