അനില്‍ പനച്ചൂരാന്‍, ഇടതിനും കാവിക്കുമിടയിലെ ഒരു സന്ദേഹി
Opinion
അനില്‍ പനച്ചൂരാന്‍, ഇടതിനും കാവിക്കുമിടയിലെ ഒരു സന്ദേഹി
താഹ മാടായി
Monday, 4th January 2021, 5:30 pm

എഴുത്തുകാര്‍ രാഷ്ട്രീയ വിമോചകരാവണം എന്ന ഒരു ആശയ പ്രതിസന്ധി നേരിടുന്നുണ്ട് മലയാള വായനക്കാര്‍.അനില്‍ പനച്ചൂരാന്‍ എന്ന ചൊല്‍ക്കവിയെ ഓര്‍മ്മയിലേക്ക് ചുകപ്പായും കാവിയായും സന്നിഹിതനാക്കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ പറയാം.

ഒന്ന്: കണ്ണൂരിലെ ഒരു തിയേറ്ററില്‍ നിന്നാണ് ‘ഒരു അറബിക്കഥ ‘ എന്ന സിനിമ കണ്ടത്. ഡോ.ഇഖ്ബാല്‍ കുറ്റിപ്പുറം എഴുതി, ലാല്‍ ജോസ് സംവിധാനം ചെയ്ത ആ സിനിമ ഏറെ രാഷ്ട്രീയ മുഴക്കമുള്ള ഒന്നായിരുന്നു. പാര്‍ട്ടിയിലും സഖാക്കളുടെ ജീവിതത്തിലും സമനിലയില്‍ കാല്‍ ചവിട്ടി നില്‍ക്കുന്ന ആ സിനിമ, ‘പ്രവാസി മലയാളി കമ്യൂണിസ്റ്റി ‘യുടെ ആത്മരേഖ കൂടിയായിരുന്നു.

എങ്കിലും, അത് വൈകാരികമായി, ‘ പ്രവാസിയുടെ പോക്കറ്റടിച്ച് വയര്‍ വീര്‍ത്ത തദ്ദേശീയ മലയാളി ‘ എന്ന ഒരു സന്ദേശം ,അറിയാതെ അടിത്തട്ടില്‍ പറഞ്ഞു വെക്കുന്നുമുണ്ട്. അത് രാഷ്ടീയമായി എപ്പോഴും ആവര്‍ത്തിച്ചു വരുന്ന വായ്ത്താരിയുമാണ്. എങ്കിലും ആ സിനിമയില്‍ ഇടത് ആദര്‍ശം ഇടറുന്ന ചില സ്ഥലങ്ങള്‍ കാണിച്ചു തരുന്നുണ്ട്.

പക്ഷെ, ആ സിനിമ അനില്‍ പനച്ചൂരാന്റെ സിനിമ കൂടിയാണ്.അനില്‍ എഴുതിയ, പാടി പ്രശസ്തമായ ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്ന പൂമരം’ എന്ന പാട്ട് വലിയ ആവേശത്തോടെയാണ് ആളുകള്‍ കേട്ടത്.

‘ചോര’ കൊടുത്തു വളര്‍ന്ന ഒരു പ്രസ്ഥാനം ആ പാട്ടിന്റെ വരികളില്‍ ആര്‍ദ്രമായ ഇരമ്പുന്ന ഭൂതകാലവഴികള്‍ തേടി. കണ്ണൂരില്‍ നിന്ന് ആ സിനിമ കാണുമ്പോഴുള്ള കാഴ്ചയുടെ ആള്‍ക്കൂട്ടബോധം വേറൊരു തലത്തില്‍ ‘ഇരിപ്പിട ‘ങ്ങളിലെ സിനിമ കൂടിയാണ്.

ഇപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യം, അടുത്തിരുന്ന മധ്യവയസ്‌കനായ ഒരാള്‍ ആ പാട്ട് കേട്ട നിമിഷം സീറ്റില്‍ നിന്ന് എണീറ്റ് ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘ വിളിച്ചു. അത് അപ്രതീക്ഷിതമായിരുന്നു.

ചോര വീണ മണ്ണില്‍ നിന്നു വന്ന ‘ കാണി’യായിരിക്കണം അയാള്‍. സിനിമ കഴിഞ്ഞപ്പോള്‍ പിഞ്ഞിയ ഇളം നീല ഷര്‍ട്ടുമായി നടന്നു നീങ്ങിയ ആ ‘കാണി ‘ യെ നിശബ്ദനായി നോക്കി നിന്നു. ഓര്‍മയുടെ കൊടിമരമായി നടന്നു പോയ ‘കാണി’.

ഒരു പാട്ടിലൂടെ അനില്‍ ചോര വീണ മണ്ണും പൂമരവും ഓര്‍മിപ്പിച്ചു.നാമൊക്കെ ഏതോ തരത്തില്‍ വയലില്‍ വീണ കിളികളാണെന്നും ഓര്‍മിപ്പിച്ചു .മരിച്ചവര്‍ പാട്ടില്‍ ചില പൂമരങ്ങള്‍ വരും തലമുറയ്ക്കായി അവശേഷിപ്പിക്കുന്നു.

രണ്ട്: കോഴിക്കോട് ബീച്ചില്‍ നടന്ന ഡി.സി ബുക്‌സ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ നടന്ന സംവാദത്തിലെ ‘ലൗ ജിഹാദ് ‘പരാമര്‍ശം.( ആ പരിപാടി ഈ ലേഖകന്‍ നേരിട്ടു കണ്ടിരുന്നു). ആ കാലത്ത് ഇടത് ഹിന്ദു കുടുംബങ്ങളില്‍ പോലും അടക്കിപ്പിടിച്ച ഒരു സന്ദേഹമായിരുന്നു, ‘ലൗ ജിഹാദ് ‘വിഷയം.

സംഘ് പരിവാര്‍ , മലയാളീ മതേതര ഹിന്ദു അടുക്കളയില്‍ വര്‍ഗീയതയുടെ വിത്തിട്ടത് ഈ വ്യാജ നിര്‍മ്മിതിയിലൂടെയാണ്. കേരള പോലീസ് സത്യസന്ധമായ ആര്‍ജ്ജവത്തോടെ അതൊരു കെട്ടുകഥയാണ് എന്നു ഉറപ്പിച്ചു പറഞ്ഞു.

സുപ്രീം കോടതിയും ലൗ ജിഹാദ് വസ്തുതാപരമായി ശരിയല്ല എന്നു തീര്‍പ്പിലെത്തി ‘.ലൗ ജിഹാദ് ‘ എന്ന പ്രതീതി നിര്‍മ്മിതി നിയമപരമായി തോല്‍പിക്കപ്പെടുകയും റദ്ദാക്കപ്പെടുകയും ചെയ്യുമ്പോഴും ‘ അടക്കിപ്പിടിച്ച തോന്നലായി ‘ ശാശ്വതമായി ആ വിഷയം നില നിര്‍ത്തുന്നതില്‍ സംഘ് പരിവാര്‍ വിജയിച്ചിട്ടുണ്ട്.

നിയമപരമായി നില നില്‍ക്കാത്തതും റദ്ദാക്കപ്പെടുന്നതുമായ വിഷയങ്ങള്‍ അന്തരീക്ഷത്തില്‍ കാവി വിഭൂതിയായി നില നിര്‍ത്തുക എന്നത് ഹിന്ദുത്വത്തിന്റെ സോഷ്യല്‍ എഞ്ചിനിയറങ്ങില്‍ പെടുന്നതാണ്. മതേതര ഹിന്ദു വീടുകളില്‍ പോലും ഈ വിഷയത്തില്‍ വര്‍ഗീയതയുടെ അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നതില്‍ സംഘ് പരിവാര്‍ വിജയിച്ചിട്ടുണ്ട്.

ഈ രണ്ടു സന്ദര്‍ഭങ്ങളിലും അനില്‍ പനച്ചൂരാന്‍ എന്ന പാട്ടുകവിയെ ‘ഇടതിനും കാവി ‘ക്കുമിടയില്‍ നില്‍ക്കുന്ന ഒരു സന്ദേഹിയായ സാധാരണ മനുഷ്യനായി മാത്രമാണ് കാണേണ്ടത്.

ഡി സി ബുക്‌സ് ലിറ്ററേച്ചര്‍ ഫെസ്റ്റ് പോലെ ‘ഇസ്ലാമിസ്റ്റ് യൗവ്വന ‘ങ്ങളുടെ ചോദ്യങ്ങള്‍ക്കും സംഘബലത്തിനും മേല്‍ക്കൈ കിട്ടുന്ന ഒരു സദസ്സില്‍ അനില്‍ പനച്ചൂരാന്‍ സത്യസന്ധമായ തന്റെ ‘ഹിന്ദു മനസ്സ് ‘ വെളിപ്പെടുത്തി.

അത് ശരാശരി മലയാളിയുടെ ആ സന്ദര്‍ഭത്തിലെ തോന്നലാണ്. എന്നാല്‍, ചോര വീണ … എന്നു തുടങ്ങുന്ന ആ പാട്ട് ആ കവിയെ ഓര്‍ക്കാനുള്ള ഒരു രാഷ്ട്രീയ കാരണമാണ്. ആ കവി മരിക്കുമ്പോള്‍ ‘ സംഘി’ എന്നു ചാപ്പ കുത്തി, ഹൃദ്യമായ ഓര്‍മ കൊണ്ടു പോലും സ്മൃതിരേഖ തീര്‍ക്കാതിരിക്കുന്നത് അനാദരവാണ്.

രാഷ്ട്രീയമായി ഇടതു പക്ഷ / പാരിസ്ഥിക വരികള്‍ അനില്‍ പനച്ചൂരാന്റെ പാട്ടു / കവിതകളില്‍ കാണാമെങ്കിലും ചില വിഷയങ്ങളില്‍ അദ്ദേഹം പിന്നീടെടുത്ത നിലപാടുകള്‍ ആ കവിയെ ഇഷ്ടപ്പെട്ടവരില്‍ നിരാശയുളവാക്കുന്നതായിരുന്നു.

പല കവികളും ഉള്ളില്‍ പേറുന്ന വികാരം ‘കാവി മീമാംസ ‘യാണ് എന്നത് മതനിരപേക്ഷ കാവ്യാസ്വാദകരെ വേദനിപ്പിക്കുന്നതാണ്. എങ്കിലും, കേട്ട പാട്ടിലെ വരികളില്‍ ഇടത്തോട്ടു ചായുന്ന വരികളാണേറെയും. ഇടത്തോട് വരിയൊപ്പിച്ചു നടക്കുമ്പോഴും വലത്തോട്ട് കണ്ണെറിയുന്ന ചിലരുണ്ട് എന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. ചിലപ്പോള്‍ കവികള്‍ അങ്ങനെയുമാണ്.വരിയില്‍ ചുകപ്പ്, വാക്കില്‍ പച്ച, സ്വപ്നങ്ങളില്‍ കാവി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The left and sangh politics of Anil Panachooran

താഹ മാടായി
എഴുത്തുകാരന്‍