മമതയെ കൈവിടുമോ മുസ്‌ലിം വോട്ടുകള്‍; അബ്ബാസിയും ഉവൈസിയും ബംഗാളില്‍ കൈകോര്‍ക്കുമ്പോള്‍
Discourse
മമതയെ കൈവിടുമോ മുസ്‌ലിം വോട്ടുകള്‍; അബ്ബാസിയും ഉവൈസിയും ബംഗാളില്‍ കൈകോര്‍ക്കുമ്പോള്‍
ഹിമാദ്രി ഘോഷ്
Monday, 4th January 2021, 1:12 pm

പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് വിവിധ മുന്നണികള്‍ തുടക്കമിട്ടിരിക്കുന്നത്. തൃണമൂലിനെ തകര്‍ക്കാന്‍ സജീവ നീക്കവുമായി ബി.ജെ.പിയുടെ ദേശീയ നേതൃത്വം ഉള്‍പ്പെടെ പശ്ചിമ ബംഗാളില്‍ തമ്പടിച്ചിരിക്കുകയാണ്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അസദുദ്ദീന്‍ ഉവൈസിയും പശ്ചിമ ബംഗാളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഞായറാഴ്ച ഉവൈസി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ ജംഗിപാറയില്‍ സ്ഥിതി ചെയ്യുന്ന ദര്‍ബാറായ ഫുര്‍ഫുറാ ശരീഫിലെ അബ്ബാസ് സിദ്ദിഖിയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

മുസ്‌ലിം ലീഗ് നേതൃത്വവും അബ്ബാസി സിദ്ദിഖിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം തൃണമൂലിനുള്ള പിന്തുണ തുടരണമെന്നാണ് മമത ബാനര്‍ജി അബ്ബാസ് സിദ്ദിഖിയോട് അവശ്യപ്പെട്ടിരിക്കുന്നത്.

ബംഗാളിലെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തി വരുന്ന അബ്ബാസ് സിദ്ദിഖിയുടെ നിലപാടുകള്‍ക്ക് മുസ്‌ലിം വോട്ടര്‍മാരുടെ ഇടയില്‍ സ്വാധീനമുണ്ട്.

അതുകൊണ്ട് തന്നെ അബ്ബാസ് സിദ്ദിഖിയുടെ നിലപാടുകള്‍ പശ്ചിമ ബംഗാളിലെ മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് മമത ബാനര്‍ജിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ ഉവൈസിയുമായുള്ള അബ്ബാസ് സിദ്ദിഖിയുടെ കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും ബംഗാള്‍ രാഷ്ട്രീയത്തില്‍ എങ്ങിനെ പ്രതിഫലിക്കുമെന്ന് പരിശോധിക്കുകയാണ് ദ വയറില്‍ പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ട്.

——————————————————————————–

എ.ഐ.എം.ഐ.എമ്മിന്റെ നേതാവ് അസദുദ്ദീന്‍ ഉവൈസി ഞായറാഴ്ച ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ പ്രശസ്ത മതകേന്ദ്രമായ ഫുര്‍ഫുറ ശരിഫ് സന്ദര്‍ശിച്ചിരുന്നു.

ബംഗാളിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള മതപണ്ഡിതന്‍ അബ്ബാസ് സിദ്ദിഖിയുമായിട്ടാണ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ചര്‍ച്ച നടത്തിയത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ദിഖിയുമായി ചേര്‍ന്ന് തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞത്. തങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാന പ്രകാരം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹമെടുക്കുന്ന തീരുമാനങ്ങളെ പിന്തുണക്കുമെന്നും അബ്ബാസി പറഞ്ഞിരുന്നു.

ഇതാദ്യമായാണ് ഉവൈസി ബംഗാളിലെത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചത്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായകമായ ഒരു നീക്കമായി തന്നെ ഇതിനെ വിലയിരുത്താം, എന്തെന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഇത് ചെറിയൊരു പരിക്കേല്‍പ്പിക്കും എന്നതുകൊണ്ട് തന്നെ.

അതേസമയം ബംഗാളില്‍ എ.ഐ.എം.ഐ.എം തെരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കുമോ അതോ അദ്ദേഹത്തിന്റെ പാര്‍ട്ടി സിദ്ദിഖിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുമോ എന്നത് ഉവൈസി വ്യക്തമാക്കിയിട്ടില്ല.

സമൂഹ മാധ്യമങ്ങളിലൂടെയും ബംഗാളില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് സിദ്ദിഖി. നേരത്തെ 2020 ഡിസംബറോടെ താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും 2021ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം അദ്ദേഹം ഇതുവരെ നടത്തിയിട്ടില്ല.

സിദ്ദിഖി വിവിധ പാര്‍ട്ടികളുടെ നേതൃത്വവുമായി ചര്‍ച്ച നടത്തുകയാണെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം ഒരു നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹത്തിന്റെ ഒരു അടുത്ത അനുയായി നേരത്തെ വ്യക്തമാക്കിയിരുന്നു.

ബംഗാളില്‍ 30 ശതമാനത്തോളം വോട്ട് ശതമാനമാണ് മുസ്‌ലിങ്ങള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ 90 അംഗ നിയമസഭയില്‍ മുസ്‌ലിങ്ങള്‍ക്ക് നിര്‍ണായക സ്വാധീനവുമുണ്ട്.

നേരത്തെ സിദ്ദിഖി പറഞ്ഞത്  നിയമസഭ തെരഞ്ഞെടുപ്പില്‍ 45 ഓളം മണ്ഡലങ്ങളില്‍ അദ്ദേഹം മത്സരിക്കുമെന്നാണ്. വര്‍ഗീയ ശക്തിക്കെതിരെ ഒന്നിച്ചു പോരാടാന്‍ തയ്യാറുള്ള എല്ലാ മതേതര പാര്‍ട്ടികളെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു.

മുസ്‌ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും അഴിമതിയ്ക്കും സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സിദ്ദിഖിയെയും പിന്നീട് നമ്മള്‍ കണ്ടിരുന്നു.

ബംഗാളിന്റെ ദക്ഷിണമേഖലയിലും ഉത്തര 24 പര്‍ഗാന ജില്ലകളിലും സിദ്ദിഖിയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്.

” അദ്ദേഹത്തിന് വിജയിക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായ മുസ്‌ലിം വോട്ടുകളെ കുറയ്ക്കാന്‍ സാധിക്കും. അത്തരത്തില്‍ സിദ്ദിഖിയുടെ സാന്നിധ്യം തൃണമൂലിന് വെല്ലുവിളിയാകുകയും ചെയ്യും,” നോര്‍ത്ത് 25 പര്‍ഗാനയില്‍ നിന്നുള്ള തൃണമൂല്‍ നേതാവ് പറയുന്നു.

എ.ഐ.ഐം.ഐ.എം ബി.ജെ.പിയുടെ ഒരു ഏജന്റ് മാത്രമാണ്. ബംഗാളില്‍ തന്റെ പാര്‍ട്ടിക്ക് ഒരു വിധത്തിലുള്ള രാഷ്ട്രീയ ഭാവിയുമില്ല എന്നത് ഉവൈസിക്ക് തന്നെ മനസിലാകുന്നതുമാണ്. അതുകൊണ്ട് തന്നെയാണ് അബ്ബാസ് സിദ്ദിഖിയുമായി ഒരു സഖ്യത്തിലേര്‍പ്പെടാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതും. പക്ഷേ അതും വിജയിക്കില്ല.

ബംഗാളിലെ മുസ്‌ലിങ്ങള്‍ മമത ബാനര്‍ജിക്കൊപ്പം മാത്രമേ നില്‍ക്കുകയുള്ളു” എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എം.പിയുമായ സൗഗുത റോയ് പറയുന്നത്.

ഞായറാഴ്ച നടന്ന രാഷ്ട്രീയ വികാസങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലെന്നാണ് ബംഗാളിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സിലെ മയിദുള്‍ ഇസ്‌ലാം പറയുന്നത്. ഫുര്‍ഫുറ ശരിഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ സങ്കീര്‍ണവും അവ കൃത്യമായി വായിക്കേണ്ടതുമാണെന്നും ഇസ്‌ലാം പറയുന്നു.

ഇവരുടെ പ്രത്യയശാസ്ത്രങ്ങള്‍ അബ്ബാസ് സിദ്ദിഖിയിലും തോഹ സിദ്ദിഖിയിലും വേര്‍തിരിഞ്ഞ് നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും പൂര്‍ണമായ നിയന്ത്രണം ഉണ്ടെന്ന് അവകാശപ്പെടാന്‍ സാധിക്കില്ല.

മമത ബാനര്‍ജിയുടെ ഭരണകാലത്ത് ബംഗാളിലെ മുസ്‌ലിങ്ങള്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. പൗരത്വദേഗതി നിയമം, ദേശീയ ജനസംഖ്യാ പട്ടിക എന്നിവ ഉള്ളതുകൊണ്ട് തന്നെ അവര്‍ തൃണമൂലിനോടുള്ള അടുപ്പം എളുപ്പത്തില്‍ ഉപേക്ഷിക്കില്ലെന്നു തന്നെയാണ് പൊതുവില്‍ ഉയരുന്ന നിരീക്ഷണങ്ങള്‍.

ഇത് വ്യക്തമാക്കുന്നത് സിദ്ദിഖി-എ.ഐ.എം.ഐ.എം സഖ്യം തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കൂട്ടുകെട്ടായി മാറിയേക്കാം എന്നാണ്.

ഇടതുപക്ഷ അനുഭാവിയായ രാഷ്ട്രീയ നിരീക്ഷകന്‍ പ്രസന്‍ജിത്ത് ബോസ് പറഞ്ഞത് ബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ മതേതര സഖ്യങ്ങള്‍ വളരുന്നതിന് പകരം മുസ്‌ലിം സഖ്യങ്ങള്‍ ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണമെന്നാണ്.

പരിഭാഷ: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി വയറിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Owaisi Joining Hands with Abbas Siddiqui Could be a Red Flag for Mamata Banerjee