അമ്മ ആര്‍.എസ്.എസിന് വാഗ്ദാനം ചെയ്ത ഭൂമി ഇനി ഉമ്മന്‍ ചാണ്ടി സ്മാരകത്തിന്; നിലപാടില്‍ മാറ്റവുമായി സന്ദീപ് വാര്യര്‍
Kerala News
അമ്മ ആര്‍.എസ്.എസിന് വാഗ്ദാനം ചെയ്ത ഭൂമി ഇനി ഉമ്മന്‍ ചാണ്ടി സ്മാരകത്തിന്; നിലപാടില്‍ മാറ്റവുമായി സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th June 2025, 5:53 pm

പാലക്കാട്: ആര്‍.എസ്.എസിന് വാഗ്ദാനം ചെയ്ത ഭൂമി തിരിച്ചെടുത്ത് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ആര്‍.എസ്.എസ് കാര്യാലയം പണിയുന്നതിനായി തന്റെ അമ്മ വാഗ്ദാനം ചെയ്ത ഭൂമിയാണ് സന്ദീപ് വാര്യര്‍ തിരിച്ചെടുത്തിരിക്കുന്നത്.

ഭൂമി ഉമ്മന്‍ ചാണ്ടി സ്മാരകം പണിയുന്നതിനായി വിട്ടുനല്‍കുമെന്നും സന്ദീപ് വാര്യര്‍ അറിയിച്ചു. ചെത്തല്ലൂ​രിലെ വീടിനോട് ചേർന്ന ആറ് സെന്റ് സ്ഥലമാണ് സന്ദീപ് വാര്യർ വിട്ടുകൊടുക്കുക.

സ്ഥലം ഉമ്മന്‍ ചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാറാന്‍ തീരുമാനിച്ചു. അടുത്ത ദിവസം തന്നെ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ ആര്‍.എസ്.എസ് വിമുഖത പ്രകടിപ്പിച്ചപ്പോഴാണ് ഉമ്മന്‍ ചാണ്ടി ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് കെട്ടിട നിര്‍മാണവും തുടങ്ങുമെന്നുമാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

‘ജീവനുള്ള കാലം വരെ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും എതിര്‍ക്കും. എന്ത് സംഭവിച്ചാലും അത് തുടരും. എനിക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട എന്ന് കരുതി മിണ്ടാതിരുന്നതാണ് ഇതുവരെ. ഇനി അതുണ്ടാവില്ല. മറുവശത്തുള്ള പലരും ബുദ്ധിമുട്ടും എന്നുള്ളതുകൊണ്ട് മാനുഷിക പരിഗണന നല്‍കി വിട്ടതാണ്,’ സന്ദീപ് വാര്യര്‍ പറഞ്ഞു.

വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞുവന്ന തനിക്ക്, ഈ നാട്ടിലെ മനുഷ്യരിലെ ഒരാളില്‍ നിന്ന് പോലും മുഖം കറുത്തൊരു നോട്ടം പോലും നേരിടേണ്ടി വന്നിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ആരെയാണോ താന്‍ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചത്. അവര്‍ തന്നെയാണ് സ്‌നേഹാശ്ലേഷങ്ങളുമായി തന്നെ പൊതിഞ്ഞു പിടിക്കുന്നതെന്നും സന്ദീപിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടും അമ്മ വാഗ്ദാനം ചെയ്ത ഭൂമി ആര്‍.എസ്.എസിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്നായിരുന്നു സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

മരിക്കുന്നതിന് മുമ്പ് അമ്മ നല്‍കിയ വാക്കാണ്. അതിനാല്‍ തന്നെ ഭൂമി ഒപ്പിട്ട് നല്‍കാന്‍ തയ്യാറാണെന്നായിരുന്നു സന്ദീപ് വാര്യരുടെ നിലപാട്. ഈ നിലപാടിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Content Highlight: The land promised to RSS by Amma will now be used for Oommen Chandy memorial; Sandeep Varier changes his stance