പാര്‍ട്ടിയുടെ മതേതര സ്വഭാവത്തിന് കോട്ടം സംഭവിക്കാത്ത തരം തലക്കെട്ടുകള്‍ നല്‍കുന്നതില്‍ പ്രവര്‍ത്തകര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വസ്ത്രധാരണത്തിലും ഈ ശ്രദ്ധ വേണം.
മതസംഘടനങ്ങളുടെ പരിപാടിക്ക് പോലും അറബി പേരുകള്‍ ഒഴിവാക്കുമ്പോള്‍ പാര്‍ട്ടി അത് ഉപയോഗിക്കുന്നത് നല്ലതല്ല. എല്ലാ മതങ്ങളിലുള്ളവരെയും ഉള്‍കൊള്ളുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ ഒരു പൊതു സ്വഭാവം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി.
അതേസമയം, സമസ്തയിലെ പ്രശ്‌നങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനെ ബാധിക്കില്ലെന്നും യോഗം വിലയിരുത്തി. സമസ്തയിലെ ചിലര്‍ മാത്രമാണ് പ്രശ്‌നക്കാരെന്നും ലീഗിനോട് ആഭിമുഖ്യമുള്ളവര്‍ അവിടെ അവരുടെ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും യോഗം പറഞ്ഞു. അതുകൊണ്ട് തന്നെ പ്രശ്‌നക്കാരെ അവഗണിച്ച് മുന്നോട്ട് പോകാനാണ് ലീഗിന്റെ തീരുമാനം.
സംഘടനയിലെ പ്രശ്‌നങ്ങള്‍ സമസ്തയെ ദുര്‍ബലമാക്കിയേക്കാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതും അവരുടെ നേതൃതമാണെന്നുമാണ് ലീഗിന്റെ നിലപാട്. എന്നാല്‍, വിഷയത്തില്‍ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ അത് ചെയ്യാനും യോഗം തീരുമാനിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലബാറിന് പുറത്ത് കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി നേരിടുന്ന അവഗണനക്കെതിരെ ശക്തമായി നിലപാട് എടുക്കാനും ലീഗ് ഭാരവാഹി യോഗത്തില്‍ തീരുമാനമായി. മലബാറില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ലീഗ് കോണ്‍ഗ്രസിനായി വിട്ടുവീഴ്ച ചെയ്യാറുണ്ട്. എന്നാല്‍, മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അത്ര പരിഗണന നല്‍കുന്നില്ല.
കൂടാതെ, ചില ജില്ലകളില്‍ മുന്നണി യോഗത്തില്‍ പോലും ലീഗിനെ വിളിക്കുന്നില്ല. കൊല്ലം ജില്ലയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ലീഗ് ബഹിഷ്‌കരിക്കുകയും ലീഗിന് സ്വാധീനമുള്ള വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരെ മത്സരിപ്പിച്ച സാഹചര്യം വരെ ഉണ്ടായെന്നും യോഗം പറഞ്ഞു.