ഇറങ്ങിപ്പോക്ക്, പ്രതിഷേധം; മുസ്‌ലിം നേതാക്കള്‍ക്കായി ബൈഡന്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍
World News
ഇറങ്ങിപ്പോക്ക്, പ്രതിഷേധം; മുസ്‌ലിം നേതാക്കള്‍ക്കായി ബൈഡന്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2024, 3:31 pm

വാഷിങ്ടണ്‍: മുസ്‌ലിം നേതാക്കള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന് തിരിച്ചടി. ഗസയിലെ ഇസ്രഈല്‍ അതിക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ബൈഡന്റെ നയത്തില്‍ പ്രകോപിതരായ അമേരിക്കയിലെ മുസ്‌ലിം വിഭാഗത്തെ തങ്ങളുടെ പക്ഷത്ത് നിര്‍ത്താനുള്ള വൈറ്റ് ഹൗസിന്റെ ശ്രമത്തിനാണ് തിരിച്ചടിയുണ്ടായത്.

ക്ഷണം ലഭിച്ച ഡോ. താര്‍ അഹമ്മദ് വിരുന്നില്‍ പങ്കെടുക്കാതെ ഇറങ്ങിപോയതായാണ് റിപ്പോര്‍ട്ട്. ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണം ലഭിച്ച ഫലസ്തീന്‍-അമേരിക്കന്‍ പൗരനും ഗസയില്‍ എമര്‍ജന്‍സി റൂമില്‍ സ്പെഷല്‍ ഡോക്ടറായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് താര്‍ അഹമ്മദ്.

‘ഫലസ്തീനില്‍ കഷ്ടത അനുഭവിക്കുന്നവരോടും ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും ഉള്ള ബഹുമാനം കണക്കിലെടുത്ത് എനിക്ക് ഈ യോഗത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടി വന്നു,’ എന്ന് അഹമ്മദ് സി.എന്‍.എന്നിനോട് പ്രതികരിച്ചു.

ഗസയുമായി ബന്ധപ്പെട്ട ഏതാനും വിഷയങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ബൈഡന്‍ ശ്രമിച്ചിരിന്നുവെന്നും, എന്നാല്‍ യോഗത്തില്‍ തുടരാന്‍ താത്പര്യമില്ലാത്തതിനാല്‍ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

താര്‍ അഹമ്മദിന് പുറമെ മുസ്‌ലിം അമേരിക്കന്‍ അഭിഭാഷക ഗ്രൂപ്പായ എംഗേജ് ആക്ഷന്‍ ബൈഡന്റെ ക്ഷണം നിരസിച്ചതായി വ്യക്തമാക്കി. ഇസ്രഈലിന് യു.എസ് നല്‍കുന്ന സൈനിക സഹായം യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രൂപ്പിന്റെ തീരുമാനം.

പരിപാടിയില്‍ പങ്കെടുത്തവരില്‍ യു.എസ് കോണ്‍ഗ്രസിലെ മുസ്‌ലിം അംഗങ്ങളുടെ പ്രതിനിധികളായ ഇല്‍ഹാന്‍ ഒമറും ഫലസ്തീന്‍ അമേരിക്കക്കാരിയായ റാഷിദ ത്‌ലൈബും ഉള്‍പ്പടുന്നുണ്ട്. ഇരുവരും ബൈഡന്റെ ഇസ്രഈല്‍ നയത്തിന്റെ ഏറ്റവും വലിയ വിമര്‍ശകരില്‍ പെടുന്നവരാണ്.

ഇഫ്താര്‍ വിരുന്ന് എന്ന പേരില്‍ വൈറ്റ് ഹൗസ് വിളിച്ചുചേർത്തത് മുസ്‌ലിം നേതാക്കളുമായുള്ള ബൈഡന്റെ ഔദ്യോഗിക യോഗമാണ്. തന്റെ ഇസ്രഈലി നയത്തെ കുറിച്ച് സാമുദായിക നേതാക്കളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ലക്ഷ്യം. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നീക്കത്തിന് കനത്ത തിരിച്ചടി നേരിടുകയായിരുന്നു.

Content Highlight: The Iftar party organized by the American President Joe Biden for the Muslim leaders suffered a setback