തമിഴ്‌നാടിനോട് കേന്ദ്രത്തിന് വിവേചനം; പ്രളയസഹായം നല്‍കുന്നില്ലെന്ന് ആരോപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
national news
തമിഴ്‌നാടിനോട് കേന്ദ്രത്തിന് വിവേചനം; പ്രളയസഹായം നല്‍കുന്നില്ലെന്ന് ആരോപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2024, 12:16 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പ്രളയസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്.

തമിഴ്‌നാട്ടില്‍ അടുത്തിടെ വലിയ തോതില്‍ നാശം വിതച്ച പ്രളയത്തിലും മൈചുങ് ചുഴലിക്കാറ്റിലുമുണ്ടായ നഷ്ടങ്ങള്‍ക്ക് 37,000 കോടി രൂപ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഹരജിയില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാടിനോട് കേന്ദ്രത്തിന് വിവേചനമാണെന്ന് ഹരജിയില്‍ സർക്കാർ ആരോപിച്ചു. ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം കേന്ദ്രത്തിന് ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാന്‍ തയ്യാറാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സ്ഥലം സന്ദര്‍ശിച്ച മന്ത്രിതല സംഘത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇത്തരം നടപടികള്‍ നിയമവിരുദ്ധവും സംസ്ഥാനത്തെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. ഇത് സംസ്ഥാനത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തും,’ ഹരജിയില്‍ പറഞ്ഞു.

വരള്‍ച്ച നേരിടാന്‍ കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് അടുത്തിടെ കര്‍ണാടക സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് 18 കോടി രൂപ നല്‍കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Content Highlight: Tamil Nadu moves Supreme Court alleging Centre is not releasing flood relief