നിയമസഭാ കയ്യാങ്കളി കേസില്‍ നിരപരാധികളെന്ന് വാദിച്ച് റിവ്യൂ ഹരജിയുമായി പ്രതികള്‍; ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
Kerala News
നിയമസഭാ കയ്യാങ്കളി കേസില്‍ നിരപരാധികളെന്ന് വാദിച്ച് റിവ്യൂ ഹരജിയുമായി പ്രതികള്‍; ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd November 2021, 3:20 pm

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ നല്‍കിയ റിവ്യൂ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിടുതല്‍ ഹരജി തള്ളിയ കീഴ് കോടതി വിധിക്കെതിരെയാണ് പ്രതികള്‍ പുനഃപരിശോധനാ ഹരജി നല്‍കിയത്.

വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹരജി.

വിചാരണാ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് എല്‍.ഡി.എഫ് നേതാക്കളുടെ വിടുതല്‍ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു.

പ്രതികള്‍ വിചാരണ നേരിടണമെന്നാവശ്യപ്പെട്ട സി.ജെ.എം കോടതി ഇന്ന് നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികള്‍ റിവ്യൂ ഹരജി നല്‍കിയത്.

കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന് ഹരജിയില്‍ പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കേസിന്റെ വിചാരണ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

കേസില്‍ പ്രതികളുടെ വിടുതല്‍ ഹരജി നേരത്തെ കോടതി തള്ളിയിരുന്നു. വിടുതല്‍ ഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്. 2015 മാര്‍ച്ച് 13നായിരുന്നു കെ.എം. മാണിയുടെ ബജറ്റ് അവതരണം.

കെ.എം. മാണിയെ സഭയ്ക്ക് അകത്തും പുറത്തും തടയാന്‍ ഇടതുപക്ഷം തീരുമാനിച്ചു. കെ.എം. മാണി നിയമസഭയിലെത്തിയതോടെ അപൂര്‍വമായ സംഭവങ്ങള്‍ക്കാണ് നിയമസഭ സാക്ഷിയായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  The High Court accepted the review petition filed by the accused in the assembly bribery case