തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുധാകരനും അടൂര്‍ പ്രകാശിനും മത്സരിക്കാന്‍ അനുമതി നല്‍കാതെ ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് പുലര്‍ച്ചെയോടെയാണ് ചര്‍ച്ച അവസാനിച്ചത്.
എം.പിമാര്‍ ആരും തന്നെ മത്സരിക്കേണ്ടതില്ല എന്ന തീരുമാനിത്തിന് പിന്നാലെയാണ് സുധാകരന് സീറ്റ് നഷ്ടപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച കെ. സുധാകരന്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. നേതാക്കള്‍ അനുനയ ശ്രമങ്ങള്‍ തുടരുമ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ. സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു.
അതേസമയം, ഇന്ന് പുലര്‍ച്ചെ അവസാനിച്ച തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും കേരളത്തിലെ സീറ്റുകളില്‍ അന്തിമ ധാരണയായില്ലെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ച പൂര്‍ത്തിയാക്കി കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷേ നേതാവും മടങ്ങി.
കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. പെരുമ്പാവൂരില്‍ എല്‍ദോസിന് പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. കൊച്ചിയില്‍ വി.ഡി. സതീശന്‍ തന്റെ നോമിനിയായ മുഹമ്മദ് ഷിയാസാകും മത്സരിക്കുക. ദീപ്തി മേരി വര്‍ഗീസ് ഈ സീറ്റിന് അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ ഇതും കോണ്‍ഗ്രസിന് തലവേദനയാകും.
തര്‍ക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും ചില സീറ്റുകളില്‍ ചര്‍ച്ചകള്‍ തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മറ്റുള്ള സീറ്റുകളില്‍ തീരുമാനമായെന്നും ഈ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ എ.ഐ.സി.സി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlight: The high command has not given permission to K. Sudhakaran and Adoor Prakash to contest in the upcoming assembly elections.