ഗസ: ഗസയില്‍ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തിലും വ്യോമാക്രമണത്തിലും ഇതുവരെ നാല്‍പതിനായിരത്തില്‍ അധികം കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ) മേധാവി.
ഗസ: ഗസയില്‍ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തിലും വ്യോമാക്രമണത്തിലും ഇതുവരെ നാല്‍പതിനായിരത്തില്‍ അധികം കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ) മേധാവി.
‘കുട്ടികള്‍ കുട്ടികളാണ്. ഗസയില്‍ ഉള്‍പ്പെടെ ഈ കുട്ടികള്‍ എവിടെയായിരുന്നാലും, അവര്‍ മരിക്കുമ്പോഴോ അവരുടെ ഭാവി ക്രൂരമായി നഷ്ടപ്പെടുമ്പോഴോ ആരും നിശബ്ദത പാലിക്കരുത്,’ യു.എന്‍ ഏജന്‍സിയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു.
ഗസയിലെ കുട്ടികള്‍ക്കും ബാല്യത്തിനും എതിരായ യുദ്ധത്തില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പോഷാകാഹാര കുറവും പട്ടിണിയും മൂലം കുറഞ്ഞത് 100 കുട്ടികള്‍ മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് ഫിലിപ്പ് ലസാരിനി ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഒരു ദശലക്ഷം കുട്ടികള്‍ ആഴത്തില്‍ ആഘാതമേറ്റവരും വിദ്യാഭ്യാസം ലഭിക്കാതെ പോയവരുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തില്‍ കുറഞ്ഞത് 17,000 കുട്ടികള്‍ കുടുംബങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞുവെന്നും യു.എന്‍.ആര്‍.ഡബ്ല്യു.എ മേധാവി തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
The latest in the war on children & childhood in #Gaza.
At least 100 children die of malnutrition & hunger @save_children
This is in addition to:
– Over 40,000 children reported killed or injured due to bombardment & airstrikes @UNICEF
– At least 17,000 unaccompanied and… pic.twitter.com/QXeZB1byVc
— Philippe Lazzarini (@UNLazzarini) August 13, 2025
ഗസയില്‍ വിശപ്പ് ഒരു വലിയ പ്രതിസന്ധിയാണെന്നും ഇത് മൂലം കുടുംബങ്ങള്‍ തകരുകയാണെന്നും ഫിലിപ്പ് ലസാരിനി മുമ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ പരിപാലിക്കാന്‍ കഴിയാത്തത്ര വിശപ്പുണ്ടെന്നും തങ്ങളുടെ ഏജന്‍സികളില്‍ വൈദ്യ സഹായം നല്‍കാനുള്ള വസ്തുക്കളോ ഭക്ഷണമോ ഇല്ലെന്നും അദ്ദേഹം ജൂലൈയില്‍ പറഞ്ഞിരുന്നു.
ഒപ്പം ഗസ മുനമ്പ് കുട്ടികളുടെ ശ്മശാനഭൂമിയായി മാറിയിരിക്കുന്നുവെന്നും ലസാരിനി പ്രതികരിച്ചിരുന്നു. അതേസമയം ചൊവ്വാഴ്ച മുതല്‍ എട്ടുപേര്‍ പ്രദേശത്ത് പട്ടിണി കിടന്ന് മരിച്ചതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഇതോടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 235 ആയി. അതില്‍ 106 പേരും കുട്ടികളാണെന്നാണ് കണക്കുകള്‍.
Content Highlight: The Head Of UNRWA has said that more than 40,000 children have been killed or injured in Israeli bombings and airstrikes in Gaza