തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് തിരിച്ചയച്ച് സര്‍ക്കാര്‍. അജിത് കുമാറിന് വീഴ്ചയുണ്ടായി എന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ തിരിച്ചയച്ചിരിക്കുന്നത്. പി. വിജയനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന റിപ്പോര്‍ട്ടും തിരിച്ചയച്ചിട്ടുണ്ട്.
എം.ആര്‍. അജിത് കുമാറിനെതിരെ ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് രണ്ട് റിപ്പോര്‍ട്ടുകളാണ് ആഭ്യന്തര വകുപ്പിന് നല്‍കിയത്.
തൃശൂര്‍ പൂരം കലക്കലില്‍ എം.ആര്‍. അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല, സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും ഫോണെടുക്കുകയോ സ്ഥലത്തെത്തുകയോ ചെയ്തില്ല, കുറ്റകരമായ അനാസ്ഥ അജിത് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നതടക്കമുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അജിത് കുമാറിനെതിരെ നടപടി വേണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പി. വിജയനെതിരെ എം.ആര്‍. അജിത് കുമാര്‍ നല്‍കിയ തെറ്റായ മൊഴിയെക്കുറിച്ചുള്ളതായിരുന്നു രണ്ടാമത്തെ റിപ്പോര്‍ട്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി പി. വിജയന് ബന്ധമുണ്ടെന്ന് അന്ന് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ് തനിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്ന് അജിത് കുമാര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ പി. വിജയന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. എന്നാല്‍ അങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നും എം.ആര്‍. അജിത് കുമാറിന്റേത് വ്യാജ മൊഴിയാണെന്ന് പറയുകയും ചെയ്തിരുന്നു.
ഈ രണ്ട് സംഭവത്തിലും അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായെന്നും സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നുമായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്ത് നടപടി സ്വീകരിക്കാമെന്നത് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ ഡി.ജി.പിയായ റവാഡ ചന്ദ്രശേഖറിന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരിച്ചുകൊടുത്തിരിക്കുകയാണ്.
നിലവിലെ ഡി.ജി.പി ഈ റിപ്പോര്‍ട്ടുകളില്‍ നോട്ടെഴുതണമെന്നും ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാരിന്റെ നടപടിയെടുക്കണം അല്ലെങ്കില്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കി അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കണം എന്നാണ് സര്‍ക്കാര്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlight: The government has sent back the investigation report against MR Ajith Kumar in the Thrissur Pooram controversy.