ആര്‍.എസ്.എസ് ദണ്ഡയുടെ ആദ്യത്തെ അടി മാപ്പിളമാരുടെ പുറത്തല്ല, ദളിതന്റെ പുറത്താണ് വീണത്: ജംഷീദ് അലി
Kerala News
ആര്‍.എസ്.എസ് ദണ്ഡയുടെ ആദ്യത്തെ അടി മാപ്പിളമാരുടെ പുറത്തല്ല, ദളിതന്റെ പുറത്താണ് വീണത്: ജംഷീദ് അലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th May 2025, 12:40 pm

കൊണ്ടോട്ടി: ആര്‍.എസ്.എസിന്റെ ദണ്ഡയുടെ ആദ്യത്തെ അടി ദളിതന്റെ പുറത്താണ് വീണതെന്ന് അധ്യാപകനും പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ജംഷീദ് അലി.

ദണ്ഡ കൊണ്ടുള്ള ആദ്യത്ത അടി ഈ നാട്ടിലെ മുസ്‌ലിങ്ങളുടെ, മാപ്പിളമാരുടെ പുറത്തല്ല വീണതെന്നും ജംഷീദ് പറയുന്നു. ബുഹാരി കോളേജ് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസും സംഘപരിവാര്‍ ആദ്യമായി ആക്രമിക്കാനെത്തിയ കൂട്ടര്‍ മുസ്‌ലിങ്ങളെയല്ലെന്നും ജംഷീദ് അലി ഊന്നിപ്പറഞ്ഞു. ദളിത് വിഭാഗത്തെ ആട്ടിയോടിക്കാനെത്തിയ ചിത്പവന്‍ ബ്രഹ്‌മണ വിഭാഗത്തിന്റെ പ്രസ്ഥാനത്തെയാണ് ആര്‍.എസ്.എസ് എന്ന് പറയുന്നതെന്നും ജംഷീദ് അലി പറഞ്ഞു.

‘ശരണ്‍ കുമാര്‍ ലിംബാളെയെ വായിച്ചവര്‍ ഉണ്ടാകും. അദ്ദേഹം ഒരു സംഘപരിവാര്‍ വിരുദ്ധനാണ്. സംഘപരിവാറിനെതിരെ എപ്പോഴും ശക്തമായ നിലപാടെടുക്കുന്ന വ്യക്തി. ശരണ്‍ കുമാറിന്റെ ആത്മകഥയാണ് അക്കര്‍മാഷി. അദ്ദേഹത്തിന്റെ സനാതന്‍ എന്ന ഒരു പുസ്തകമുണ്ട്. ഈ പുസ്തകത്തില്‍ പറയുന്ന കഥയുടെ ഒരു ഉള്ളടക്കം ഞാന്‍ പറയാം. ‘അംബേദ്കറുടെ ജാതിയാണ് മഹറുകള്‍, പട്ടികജാതി വിഭാഗം. മഹര്‍ എന്ന വിഭാഗം പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിക്കാന്‍ പോയപ്പോള്‍ അവരെ ആട്ടിയോടിക്കാന്‍ സംഘടിച്ച ചിത്പവന്‍ ബ്രഹ്‌മണ വിഭാഗത്തിന്റെ പ്രസ്ഥാനത്തെയാണ് ആര്‍.എസ്.എസ് എന്ന് പറയുന്നത്’. അവരുടെ ദണ്ഡയുടെ ആദ്യത്തെ അടി മാപ്പിളമാരുടെ പുറത്തല്ല, നമ്മുടെയല്ലാം പുറത്തല്ല… ദളിതന്റെ പുറത്താണ് വീണത്,’ ജംഷീദ് അലി പറഞ്ഞു.

സംഘപരിവാര്‍ രാജ്യത്തെ ദളിത് വിഭാഗങ്ങളെ കൈയിലൊതുക്കാനും അംബേദ്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഏറ്റെടുക്കാനും ശ്രമിക്കുന്നതിനിടെയാണ് ജംഷീദിന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. നിലവില്‍ ജംഷീദിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊണ്ടോട്ടിയിലെ ബുഖാരി ക്യാമ്പസില്‍ നടന്ന ഫെസ്റ്റിവല്‍ ഇന്നലെ (ഞായറാഴ്ച്ച) സമാപിച്ചു. വിവിധ വിഷയങ്ങളിലായി 80 സെഷനുകള്‍ക്കാണ് ഫെസ്റ്റ് സാക്ഷ്യം വഹിച്ചത്. രാജ്യസഭാ എം.പി ഹാരിസ് ബീരാന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു.

Content Highlight: The first blow of the RSS stick fell not on the back of the muslim, but on the back of the Dalits: Jamsheed Ali