ഫോറസ്റ്റ് ഗമ്പിലെ അശ്ലീല രംഗങ്ങളൊക്കെ കളഞ്ഞിട്ടാണ് ചിത്രം എടുത്തിരിക്കുന്നത്, കുട്ടികള്‍ക്കും ചിത്രം കാണണം; ലാല്‍ സിങ് ചദ്ദയെ കുറിച്ച് ആമിര്‍ ഖാന്‍
Entertainment news
ഫോറസ്റ്റ് ഗമ്പിലെ അശ്ലീല രംഗങ്ങളൊക്കെ കളഞ്ഞിട്ടാണ് ചിത്രം എടുത്തിരിക്കുന്നത്, കുട്ടികള്‍ക്കും ചിത്രം കാണണം; ലാല്‍ സിങ് ചദ്ദയെ കുറിച്ച് ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th July 2022, 8:50 am

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആമിര്‍ഖാന്റെ ലാല്‍ സിങ് ചദ്ദ. ആഗസ്റ്റ് 11 തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ വമ്പന്‍ രീതിയിലാണ് നടക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ മധ്യമങ്ങളെ കണ്ടപ്പോള്‍ ലാല്‍ സിങ് ചദ്ദ അനുകല്‍പനം ചെയ്ത ഫോറസ്റ്റ് ഗമ്പില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങള്‍ ചിത്രത്തിന് ഉണ്ടാകും എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ആമിര്‍ ഖാന്‍.

ഫോറസ്റ്റ് ഗമ്പിന്റെ തനി പകര്‍പ്പാവില്ല ചിത്രമെന്നും നിരവധി സീനുകള്‍ ചിത്രത്തില്‍ നിന്നും മാറ്റം വരുത്തിയാണ് ഷൂട്ട് ചെയ്തത് എന്നും പറയുന്നു ആമിര്‍ ഖാന്‍.

ഫോറസ്റ്റ് ഗമ്പിലെ പല അശ്ലീല രംഗങ്ങളും ലാല്‍ സിങ് ചദ്ദയില്‍ ഉണ്ടാകില്ല എന്നും അത്തരത്തിലുള്ള സീനുകള്‍ കളഞ്ഞത് കുട്ടികള്‍ക്കും ചിത്രം ആസ്വദിക്കാന്‍ വേണ്ടിയാണെന്നും അതുകൊണ്ട് കുട്ടികള്‍ തീര്‍ച്ചയായും ചിത്രം കാണണം എന്നും പറയുന്നു ആമിര്‍ഖാന്‍.

ഇതിനൊപ്പം തന്നെ ചിത്രം ഇന്ത്യയുടെ സാംസ്‌കാരത്തിലേക്ക് പറിച്ചു നട്ടാണ് എടുത്തിരിക്കുന്നതെന്നും ആമിര്‍ഖാന്‍ കൂട്ടി ചേര്‍ക്കുന്നു.

ചിത്രത്തിന്റെ തെലുങ്ക് വിതരണവാകാശം സ്വന്തമാക്കിയ ചിരഞ്ജീവിക്കും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന നാഗ ചൈതന്യക്കുമൊപ്പമാണ് ആമിര്‍ഖാന്‍ മാധ്യമങ്ങളെ കണ്ടത്. ‘ബലരാജു’ എന്ന കഥാപാത്രമായിട്ടാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാഗചൈതന്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

1994ലാണ് ടോം ഹാങ്ക്‌സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പ് റിലീസ് ചെയ്തത്. 2018ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ഖാന്‍ സ്വന്തമാക്കിയത്. ഇന്ത്യയിലുടനീളം ചിത്രീകരിച്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു.

2017ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈത് ചന്ദ്രനാണ് ലാല്‍ സിംഗ് ചദ്ദയുടെയും സംവിധായകന്‍.

അതുല്‍ കുല്‍ക്കര്‍ണിയുടേതാണ് തിരക്കഥ. കരീന കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlight :The film has been made without all the vulgar scenes of  Forrest Gump children should also watch the film  Aamir Khan about Lal Singh Chadha